കലാമണ്ഡലം സത്യഭാമയുടെ മരുമകള്‍ തുറന്നുപറയുന്നു; ’35 പവന്‍ തട്ടി, ക്രൂരമായി മര്‍ദ്ദിച്ചു; വിവാഹം നടത്തിയത് മകന് സര്‍ക്കാര്‍ ജോലിയെന്ന് കള്ളംപറഞ്ഞ്, ഒപ്പം കഴിഞ്ഞത് ആറ് ദിവസം മാത്രം’
തിരുവനന്തപുരം : കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് മകന്‍ അനൂപിന്റെ ഭാര്യ. സ്ത്രീധനത്തിന്റെ പേരിലും വീടും സ്ഥലവും മകന്റെ പേരില്‍ എഴുതി നല്‍കണമെന്നാവശ്യപ്പട്ടും വിവാഹത്തിന്റെ ആദ്യനാള്‍ മുതല്‍ അനുഭവിച്ചത് ക്രൂര പീഡനമെന്ന് യുവതി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സര്‍ക്കാര്‍ ജോലിയുണ്ടെന്ന് കള്ളം പറഞ്ഞാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം തന്നെ സ്ത്യഭാമയുടേയും മകന്റേയും സ്വഭാവം മാറി. വിവാഹ സമയത്ത് ധരിച്ചിരുന്ന 35 പവന്‍ സ്വര്‍ണ്ണവും ആദ്യ ദിവസം തന്നെ അഴിച്ചു വാങ്ങി. പിന്നീടാണ് പീഡനങ്ങള്‍ തുടങ്ങിയത്.
സത്യഭാമയുടെ മകന്‍ അനൂപിന്റെ രണ്ടാം വിവാഹമാണ് യുവതിയുമായി നടന്നത്. ആദ്യ വിവാഹവും സ്ത്രീധന പീഡനം മൂലമാണ് വിവാഹമോചനത്തില്‍ അവസാനിച്ചത്. 2022 സെപ്തംബര്‍ 11നാണ് വിവാഹം നടന്നത്. അന്ന് മുതല്‍ തന്നെ പീഡനം തുടങ്ങി. ആറാം ദിവസം യുവതിയെ സ്വന്തം വീട്ടില്‍ കൊണ്ടാക്കുകയും ചെയ്തു. ഒക്ടോബര്‍ 10ന് അച്ഛനൊപ്പം സത്യഭാമയുടെ വീട്ടിലെത്തിയപ്പോഴാണ് ക്രൂരമര്‍ദ്ദനമുണ്ടായതെന്നാണ് യുവതി പറയുന്നത്. എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ടെന്ന് ആക്രോശിച്ച് സത്യഭാമ താലി മാല വലിച്ച് പൊട്ടിച്ചു. മുഖത്തടിക്കുകയും തറയില്‍ തള്ളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച പിതാവിനേയും സത്യഭാമയും മകന്‍ അനൂപും ചേര്‍ന്ന് മര്‍ദ്ദിച്ചതായും യുവതി പറഞ്ഞു. രോഗിയായ അച്ഛന് ഇത് തടയാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. പ്രമേഹം മൂലം വിരല്‍ അടക്കം മുറിച്ച അവസ്ഥയിലായിരുന്നു അച്ഛനെന്നും യുവതി പറഞ്ഞു.
പിന്നാലെ തന്റെ വസ്ത്രങ്ങളടക്കം പുറത്തെറിയുകയും വാതിലും ഗേറ്റും പൂട്ടുകയും ചെയ്തു. മാനസികമായ ഉണ്ടായ ആഘാതത്തില്‍ നിന്നും മറികടക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നു. നവംബര്‍ 2ന് ഇക്കാര്യങ്ങള്‍ കാണിച്ച് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ആ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതിയില്‍ കേസിനെത്തുമ്പോള്‍ പോലും മോശമായി പെരുമാറുകയും ചീത്തവിളിക്കുകയുമാണ് സത്യഭാമയും മകനും ചെയ്യുന്നത്. ഇതിനെല്ലാം അഭിഭാഷകരും സാക്ഷിയാണെന്നും യുവതി വ്യക്തമാക്കി.
വഞ്ചിയൂര്‍ കോടതിയില്‍ ജോലിയുണ്ടെന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്. എന്നാല്‍ അനൂപിന് ഒരു ജോലിയുമുണ്ടായിരുന്നില്ല. മുഴുവന്‍ സമയവും വീട്ടില്‍ വെറുതെയിരിക്കുന്ന അനൂപ് വൈകുന്നേരം ആറ് മണിയോടെ തന്നെ മദ്യപിക്കും. അതോടെ അനൂപിന്റെ സ്വഭാവം സൈക്കോ ലെവലിലേക്ക് മാറും. അതുവരെ സ്‌നേഹത്തോടെയിരുന്ന അമ്മയുമായി തര്‍ക്കിക്കുന്നതും മോശം പറയുന്നതും പതിവാണെന്നും യുവതി പറഞ്ഞു.
ആദ്യ വിവാഹം പിരിഞ്ഞിരുന്ന യുവതി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വീണ്ടും ഒരു വിവാഹത്തിന് തയാറായത്. അത് ജീവിതത്തിലും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഘാതമായി. മാധ്യമങ്ങളിലൂടെ തന്നെ എല്ലാവര്‍ക്കും ഈ സ്ത്രീയുടെ സ്വഭാവം മനസിലായിട്ടുണ്ടാകും. അപ്പോള്‍ ആറ് ദിവസം താന്‍ ആ വീട്ടിനുള്ളില്‍ അനുഭവിച്ചത് എന്തെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണ്. മൂന്നാമതൊരു പെണ്‍കുട്ടിക്കും ഈ അമ്മയും മകനില്‍ നിന്നും മോശമായ അനുഭവമുണ്ടാകാതിരിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും യുവതി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here