സൗദിയിൽ ആദ്യ മദ്യശാല ഉടന്‍; ഇളവ് വ്യാപാരവും വിനോദസഞ്ചാരവും ആകര്‍ഷിക്കാന്‍

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി മദ്യശാല തുറക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030ന്റെ ഭാഗമായാണ് ചരിത്രപരമായ തീരുമാനം. മുസ്ലിമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വാങ്ങാൻ അനുമതി. സൗദി തലസ്ഥാനമായ റിയാദിലാണ് മദ്യശാല തുറക്കുന്നത്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം.

രാജ്യത്ത് വ്യാപാരവും വിനോദസഞ്ചാരവും ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കാലങ്ങളായുള്ള നിയന്ത്രണത്തിന് ഇളവ് വരുത്തുന്നത്. മദ്യം വാങ്ങുന്നവർ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കും. തുടർന്ന് പ്രതിമാസം നിശ്ചിത കോട്ട അനുവദിക്കും. നയതന്ത്ര ഉദ്യോഗസ്ഥർ അല്ലാത്ത മുസ്ലിം ഇതര പ്രവാസികൾക്ക് അനുമതിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എംബസികളും നയതന്ത്ര ഉദ്യോഗസ്ഥരുടെ വസതികളും സ്ഥിതി ചെയുന്ന പ്രദേശത്താണ് മദ്യശാല തുറക്കുന്നത്.

നയതന്ത്ര ഇടനാഴി വഴിയാണ് ഇതുവരെ ഉദ്യോഗസ്ഥർ മദ്യം കൊണ്ടുവന്നിരുന്നത്. എന്നാൽ ഇതുവഴി കൊണ്ടുവരുന്ന ചരക്കുകളിൽ മദ്യം ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം സൗദി ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന മദ്യം നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മദ്യശാല തുറക്കുന്നതോടെ മുസ്ലിങ്ങളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിശ്ചിത കോട്ടയിൽ മദ്യം ലഭിക്കും.

മുസ്ലിം മതനിയമങ്ങൾ കർശനമായി അനുശാസിക്കുന്ന സൗദിയിൽ മദ്യം ഉപയോഗിക്കുന്നതിന് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല കടുത്ത നിയമങ്ങളിലും ഇളവ് നൽകി വരികയാണ് സൗദി. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതു സ്ഥലത്ത് ഒന്നിച്ച് നിൽക്കാനും, സ്ത്രീകൾക്ക് വാഹനം ഓടിക്കാനുമെല്ലാം അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മദ്യശാലയും തുറക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top