മല്ലു ട്രാവലർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്, സൗദിയുവതിയുടെ പരാതിയിലുള്ളത് ഗുരുതര ആരോപണങ്ങൾ, പീഡന ശ്രമത്തിന്റെ വിശദാംശങ്ങൾ പുറത്ത്
കൊച്ചി: മലയാളി വ്‌ളോഗർ മല്ലുട്രാവലർ ഷക്കീർ സുബാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും സൗദി എംബസിയിലും സൗദി കോൺസുലേറ്റിലും വിവരം അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
സെപ്റ്റംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് സൗദി അറേബ്യൻ യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് കേസ്. അഭിമുഖത്തിനെന്നു പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയ ശേഷം ഹോട്ടൽ മുറിയിൽ വച്ചു കടന്നുപിടിച്ചെന്നാണു പരാതി. യുവതിയുടെ പരാതിയെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സൗദി യുവതിയുടേത് വ്യാജ പരാതിയാണെന്ന് പറഞ്ഞ് ഷക്കീർ സുബാൻ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയെ തെളിവുകൾ കൊണ്ട് നേരിടുമെന്ന് ഷക്കീർ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
പരാതിക്കാരിയുടെ വാക്കുകൾ:
‘മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാൻ എറണാകുളത്തേക്ക് വിളിച്ചിരുന്നു. തുടർന്ന് എറണാകുളത്തെ ഹോട്ടലിൽ ലോബിയിലിരുന്ന് എന്റെകൂടെ വന്നയാൾക്കൊപ്പം മല്ലുട്രാവലറുമായി സംസാരിച്ചു. പിന്നീട് അയാൾ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലിരിക്കെ ഒപ്പമുണ്ടായിരുന്നയാൾ പുറത്തുപോയി. ഈ സമയത്താണ് ഷാക്കിർ അതിക്രമം കാട്ടിയത്. രണ്ടുകൈകളിലും സ്പർശിച്ച പ്രതി ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു. ശരീരത്തിൽ സ്പർശിച്ച് അപമര്യാദയായി പെരുമാറി. തള്ളിമാറ്റിയെങ്കിലും പിന്നീട് വീണ്ടും വന്നു. സ്വകാര്യഭാഗങ്ങൾ എന്റെ ശരീരത്തിൽ ഉരസി. എന്തിനാണ് എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തിൽ സ്പർശിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാനൊരു പുരുഷനാണ് എനിക്ക് സെക്‌സ് ചെയ്യണം എന്നാണ് പറഞ്ഞത്. തുടർന്ന് മുറിയിൽനിന്ന് ഞാൻ മാറി. ഒപ്പമുണ്ടായിരുന്നയാളെ വിളിച്ചുവരുത്തി പോകാമെന്ന് പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് അവിടെവെച്ച് പറഞ്ഞില്ല. പറഞ്ഞാൽ അവർ രണ്ടുപേരും വഴക്കിടും.
ഞങ്ങളുടെ ഹോട്ടലിലെത്തിയശേഷം അവനോട് കാര്യം പറഞ്ഞു. സൗദി എംബസിയെയും സൗദി കോൺസുലേറ്റിനെയും വിവരമറിയിച്ചു. പോലീസിനെയും അറിയിച്ചു. എറണാകുളം പോലീസിനും സൗദി എംബസിക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയിലെത്തി ആദ്യമായാണ് ഇത്തരമൊരു അനുഭവം.
എന്തെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുകയാണെങ്കിൽ പുറത്തുപറയാൻ മടിക്കരുതെന്നും പോലീസിനെ അറിയിക്കണമെന്നുമാണ് എനിക്ക് കേരളത്തിലെ പെൺകുട്ടികൾക്ക് നൽകാനുള്ള സന്ദേശം.’
ഷക്കീർ സുബാന്റെ പ്രതികരണം:
‘സൗദി വനിതയാണ് ആദ്യം മെസേജ് അയച്ചത്. വലിയ ഫാനാണെന്ന് പറഞ്ഞു. ഓക്കെ, മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. എവിടെ മീറ്റ് ചെയ്യാമെന്ന് ചോദിച്ചപ്പോൾ ഹോട്ടലിൽവെച്ച് കാണാമെന്ന് പറഞ്ഞു. അവരുടെ ഒപ്പമുണ്ടായിരുന്നയാൾക്ക് നമ്പർ കൊടുത്തു. പരാതിക്കാരിയുമായി ഇതുവരെ ചാറ്റ് പോലും ചെയ്തിട്ടില്ല. ഒരുദിവസം ഇവർ വീട്ടിലേക്ക് വന്നു. ക്ഷണിച്ചിട്ടൊന്നുമല്ല, വന്നോട്ടെയെന്ന് ചോദിച്ചപ്പോൾ വന്നോളൂ എന്നുപറഞ്ഞു.
കൊച്ചിയിലുള്ള സമയത്ത് കാണാൻ വരട്ടെയെന്ന് ചോദിച്ചു. ഇവർ വരുന്നതിന് മുൻപ് മറ്റൊരു കുട്ടി കാണാൻ പറ്റുമോയെന്ന് ചോദിച്ചു. അവരുമായി മുറിയിലിരുന്ന് സംസാരിച്ചു. അവർ പോയി. അടുത്തതായി പുതിയ ബിസിനസ് പ്ലാൻ സംസാരിക്കാനായി മറ്റൊരു അതിഥി വന്നു. സഹോദരനും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇവർ രണ്ടുപേരും വന്നത്. അവിടെ പീഡിപ്പിക്കാനൊന്നും ശ്രമിച്ചിട്ടില്ല. സാമ്പത്തികമായി എന്തെങ്കിലും സഹായം കിട്ടുമോ പ്രൊമോഷൻസ് കിട്ടുമോ എന്നറിയാനാണ് എന്റെയെടുത്ത് വന്നത്.
തുടർന്ന് യുവതി പേഴ്‌സണലായി സംസാരിക്കണമെന്ന് പറഞ്ഞു. അവൻ മാറിനിന്നു. ഞാൻ സൗദിയിലേക്ക് തിരികെ പോകും. സൗദിയിൽ ജോലി അന്വേഷിക്കുന്നുണ്ട്. ജോലി കിട്ടാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ഞാൻ അപ്പോൾ തന്നെ സുഹൃത്തിനെ വിളിച്ചു. യുവതിയുടെ ബയോഡാറ്റ അയച്ചുകൊടുത്തു. രണ്ടുപേരെയും ഇരുത്തി സംസാരിപ്പിച്ചു. പേഴ്‌സണൽ ലൈഫ് പരാജയമാണെന്ന് അവർ തന്നെ പറയുന്നു. അവർ പിരിയുമെന്നത് ഉറപ്പാണ്. മാനസികമായി വിഷമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ വിഷമത്തിലാണെന്നായിരുന്നു മറുപടി. എന്നാൽ, ഒരു ഡ്രൈവ് പോകാമെന്ന് ഞാൻ പറഞ്ഞു. രണ്ടുപേരെയും കൂട്ടി കാറിൽ ഡ്രൈവിന് പോയി. തിരികെ ഹോട്ടലിലെത്തി ബൈ പറഞ്ഞ് രണ്ടുപേരും പോയി. മൂന്നുദിവസം കഴിഞ്ഞാണ് കേസ് കൊടുക്കുന്നത്.
എനിക്ക് ഇവരെ ഉപദ്രവിക്കേണ്ട ആവശ്യമുണ്ടോ. രണ്ടുപേർക്കും പൈസ ആവശ്യമുണ്ട്. അവരുടെ കൈയിൽ പൈസയില്ല. ആറായിരം റിയാൽ മാത്രമേ കൈയിലുള്ളൂവെന്ന് പറഞ്ഞു. അവർക്ക് പ്രൊമോഷൻസ് വേണം, റീച്ച് വേണം. അതിന് വേണ്ടിയാകും ഇതെല്ലാം. എന്റെ മുറിയിൽ ഒരുപെണ്ണ് പോലും വരാറില്ല. കൊച്ചിയിലാണെങ്കിൽ ഞാൻ എപ്പോഴും ഒറ്റയ്ക്കാകും. നാട്ടിൽ ഇതുപോലെ പൊട്ടത്തരം ചെയ്യാൻ പറ്റിയ പൊട്ടനല്ല ഞാൻ. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. അത് കോടതിയിൽ സമർപ്പിക്കണം’.
അതേസമയം ഷക്കീർ സുബാനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താതിരുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ പ്രതി വിദേശത്താണെന്ന് പോലീസ് പറയുന്നു. മുൻകൂർ ജാമ്യത്തിനായി ഷക്കീർ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here