കൈവെട്ടുപ്രതി സവാദിൻ്റെ ഏറ്റവും പുതിയ ചിത്രം മാധ്യമ സിന്‍ഡിക്കറ്റിൽ; ഇതുവരെ കണ്ടത് ഒന്നരപതിറ്റാണ്ട് പഴക്കമുള്ള ഫോട്ടോ; ചിത്രം പുറത്തുവിടുന്നത് തിരിച്ചറിയൽ പൂർത്തിയായതിനാൽ

കൊച്ചി: മൂവാറ്റുപുഴ കൈവെട്ടുകേസിലെ മുഖ്യപ്രതി സവാദിൻ്റെ ഏറ്റവും പുതിയ ചിത്രം മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിടുന്നു.

പ്രൊഫ ടിജെ ജോസഫിൻ്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ട് സംഘത്തിലെ പ്രധാനിയായിരുന്ന സവാദിൻ്റെ ഏറെ പഴക്കമുള്ള ഫോട്ടോയാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. കൈവെട്ടുകേസിനും ഏറെക്കാലം മുൻപ് പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ യൂണിഫോമണിഞ്ഞ് പങ്കെടുക്കുന്ന ഈ ഫോട്ടോയാണ് അന്വേഷണ ഏജൻസികൾ ഇക്കാലമത്രയും പുറത്തുനൽകിയിട്ടുള്ളത്. എന്നാൽ ഇത്തവണ പിടിയിലായ ശേഷം എൻഐഎയുടെ കസ്റ്റഡിയിൽ വച്ചെടുത്ത ഏറ്റവും പുതിയ രൂപത്തിലുള്ള ഫോട്ടോയാണ് ഇപ്പോൾ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിടുന്നത്.

കൈവെട്ടുകേസില്‍ ആദ്യഘട്ട വിചാരണ നടക്കുകയും പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒളിവിൽപോയ സവാദ് 13 വർഷത്തിന് ശേഷമാണ് അറസ്റ്റിലായത്. അതീവ രഹസ്യനീക്കങ്ങളിലൂടെയാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ണൂരില്‍ നിന്നും പ്രതിയെ പൊക്കിയത്. തിരിച്ചറിയൽ പരേഡ് ആവശ്യമായിരുന്നതിനാൽ മുഖംമറച്ചാണ് കൊണ്ടു പോയത്. കോടതിയില്‍ ഹാജരാക്കിയതും അങ്ങനെയാണ്. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങളൊന്നും പുറത്തുവന്നില്ല. ജനുവരി 18ന് പ്രൊഫസർ ടി.ജെ.ജോസഫിന് മുന്നിൽ പ്രതിയെ എത്തിക്കുകയും അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. കേസിൽ ഏറ്റവും നിർണായകമായ ഈ നടപടിക്രമം പൂർത്തിയായ സാഹചര്യത്തിലാണ് ചിത്രം മാധ്യമ സിന്‍ഡിക്കറ്റ് പ്രസിദ്ധീകരിക്കുന്നത്. ഇത് പുറത്തുവരുന്നതോടെ നിര്‍ണ്ണായക വിവരങ്ങള്‍ ഇനിയും അന്വേഷണസംഘത്തെ തേടിയെത്തുമെന്നാണ് വിലയിരുത്തല്‍.

പ്രതിയുടെ ഐഡൻ്റിറ്റി ഉറപ്പിക്കാൻ ഡിഎന്‍എ പരിശോധനക്കും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സാംപിളുകൾ ശേഖരിക്കാൻ മാതാപിതാക്കള്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കും. വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കും. സവാദിൻ്റെ രണ്ട് മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലവും നിര്‍ണായകമാകും. ശാസ്ത്രീയ തെളിവുകളോടെ പഴുതടച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഐഎ നീക്കം. ഇതിനിടെ ഈ ഫോട്ടോ കൂടി പുറത്തുവരുമ്പോള്‍ സവാദില്‍ കൂടുതല്‍ വ്യക്തത വരും.

കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇയാൾ ഒളിവില്‍ കഴിഞ്ഞത് 8 വര്‍ഷമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ വാടകവീടുകള്‍ തരപ്പെടുത്താന്‍ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം ലഭിച്ചു. മട്ടന്നൂരിലെ വാടകവീട്ടില്‍ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റുണ്ടായത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരികയായിരുന്നു.

സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയായിരുന്നു. തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടില്ല. കൂട്ടുപ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിൻ്റെ പശ്ചാത്തലം അറിയില്ലായിരുന്നു എന്ന ഭാര്യാ പിതാവിൻ്റെ മൊഴിയിൽ കൂടുതൽ പരിശോധന നടത്തുകയാണ് അന്വേഷണസംഘം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതടക്കം തുടരന്വേഷണത്തിന്റെ ഭാഗമാണ്.

ഇളയകുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് സവാദിനെതിരെ പ്രധാന തെളിവായത്. ഷാജഹാന്‍ എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു തന്നെയായിരുന്നു. ടിജെ ജോസഫിൻ്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഉണങ്ങിയെങ്കിലും ഇതിൻ്റെ അടയാളങ്ങളും പ്രതിയെ തിരിച്ചറിയാന്‍ സഹായകരമയി. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസിലെ പ്രതികളെല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

Logo
X
Top