കര്‍ഷകന്‍റെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ കഴിഞ്ഞില്ല; ജനങ്ങള്‍ ഭീതിയില്‍ തന്നെ; വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസവും തുടരുന്നു
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ എബ്രഹാം മരിച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടെങ്കിലും പോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കക്കയത്ത് കര്‍ഷകനെ ആക്രമിച്ചതിന് ശേഷം പോത്ത് തിരികെ വനത്തിലേക്ക് പോയതാണ് വനംവകുപ്പ് സംഘത്തെ കുഴയ്ക്കുന്നത്. ഒന്നിലധികം കാട്ടുപോത്തുകള്‍ ഈ ഭാഗത്തുള്ളതിനാല്‍ കര്‍ഷകനെ ആക്രമിച്ചതിനെ തിരഞ്ഞ് കണ്ടുപിടിക്കുക വെല്ലുവിളിയാണ്.
കഴിഞ്ഞ ചൊവാഴ്ചയാണ് കക്കയത്തെ കൃഷിയിടത്തില്‍ കടന്ന കാട്ടുപോത്ത് കര്‍ഷകന്റെ ജീവനെടുത്തത്. നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന ആവശ്യമാണ് ഉയര്‍ത്തിയത്. നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ മരിച്ച കര്‍ഷകന്റെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.
വനംവകുപ്പ് സംഘം പിന്നാലെയുണ്ടെങ്കിലും ഇതുവരെ പോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിഎഫ്ഒ യു.ആഷിക് അലി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ട്രാക്കിംഗ് ടീമാണ് ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഈ ടീം കണ്ടെത്തിക്കഴിഞ്ഞാല്‍ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) ഉടനെ സ്ഥലത്തെത്തും. മയക്കുവെടി വയ്ക്കാനാണ് ഉത്തരവുള്ളത്. മയക്കുവെടി വെച്ചിട്ടും രക്ഷയില്ലെങ്കില്‍ അതിനെ വെടിവെച്ച് കൊല്ലാന്‍ അനുമതിയുണ്ട്-“ഡിഎഫ്ഒ പറഞ്ഞു.
ഇന്ന് രാവിലെ റബര്‍ വെട്ടാന്‍ പോയവര്‍ കാട്ടുപോത്തിന്റെ കാല്‍പ്പാട് കണ്ടുവെന്ന് അറിയിച്ചിട്ടുണ്ട്-കക്കയം വാര്‍ഡ് കൗണ്‍സിലര്‍ ഡാര്‍ലി എബ്രഹാം പറഞ്ഞു. “പോത്തിനെ കണ്ടെത്തി എത്രയും വേഗം വെടിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടുപോത്ത് മുന്‍പും വന്നിട്ടുണ്ട്. ഒരു മാസമായി ആനയുടെ ശല്യവുമുണ്ട്. ഇതെല്ലാം അധികൃതരെ അറിയിച്ചിട്ടുണ്ട്”-ഡാര്‍ലി എബ്രഹാം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here