യാത്രപ്പടി ‘ടെക്‌നിക്ക്’ ഇങ്ങനെയും, കെടിയുവില്‍ പി.കെ. ബിജുവും കൂട്ടരും എഴുതിയെടുത്തത് ലക്ഷങ്ങള്‍; വിജിലന്‍സില്‍ പരാതി നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യാത്രാപ്പടി, സിറ്റിംഗ് ഫീസ് ഇനങ്ങളിലായി ലക്ഷങ്ങള്‍ അനധികൃതമായി കൈപ്പറ്റിയതായി വിജിലന്‍സില്‍ പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റയംഗം പി.കെ.ബിജുവിനെതിരെയാണ് പരാതി. പി. കെ ബിജു മാത്രം പന്ത്രണ്ടു ലക്ഷത്തിലധികം രൂപയാണ് രണ്ടു വര്‍ഷത്തിനിടെ കേരള സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും കൈപ്പറ്റിയത്. സാങ്കേതിക സര്‍വ്വകലാശാലയില്‍ 2021 മുതല്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ യാത്രപ്പടി, സിറ്റിംഗ് ഫീ തുടങ്ങിയ ഇനങ്ങളില്‍ കൈപ്പറ്റിയ തുക സംബന്ധിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ നല്‍കിയ ഉത്തരത്തിലാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ കൈപ്പറ്റിയ ലക്ഷങ്ങളുടെ കണക്ക് പുറത്തുവന്നത്.

മറ്റൊരു സിന്‍ഡിക്കേറ്റംഗമായ പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ സഞ്ജീവ് 10,88777 രൂപയും, സിപിഎം നേതാവായ അഡ്വ ഐ.സാജു 1084610 രൂപയുമാണ് കൈപ്പറ്റിയത്. പ്രതിമാസം ലഭിക്കുന്ന അസോസിയേറ്റ് പ്രൊഫസ്സറുടെ ശമ്പളത്തിന് പുറമെയാണ് ഡോ സഞ്ജീവ് ഈ തുകക്കൈപ്പറ്റിയത്. ഐ.സാജുവിന് യാത്രപ്പടി കുറവായതുകൊണ്ട് ഏറ്റവും കൂടുതല്‍ കോളേജുകളില്‍ പരിശോധന നടത്തിയതായി കാണിച്ചാണ് 10 ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കിയിരിക്കുന്നത്.

സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ 2021 മുതല്‍ ആറുപേരെ കൂടി അധികമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇവരാണ് ഏറ്റവും കൂടുതല്‍ തുകക്കൈപ്പറ്റിയിരിക്കുന്നത്. ഇവരെ സിന്‍ഡിക്കേറ്റംഗങ്ങളാക്കിക്കൊണ്ടുള്ള നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. പി.കെ.ബിജുവിനെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലും, യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലും, നിയമസഭയില്‍ നല്‍കിയ മറുപടിയിലും കോട്ടയം ജില്ലയിലുള്ള മേല്‍വിലാസമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ സര്‍വ്വകലാശാല മീറ്റിംഗുകള്‍ക്ക് തൃശ്ശൂര്‍ നിന്നും തിരുവനന്തപുരം വരെയുള്ള യാത്രാപ്പടിയാണ് കൈപ്പറ്റുന്നത്. ഓരോ യാത്രക്കും സിറ്റിംഗ് ഫീസിനു പുറമെ പതിനായിരത്തിലധികം രൂപയാണ് യാത്രപ്പടിയായി കൈപ്പറ്റുന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ ഭാര്യ ഡോ. വിജി വിജയനൊപ്പം ബിജു കുടുംബസമേതം തലസ്ഥാനത്താണ് താമസിക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. ചട്ടവിരുദ്ധമായി, തൃശ്ശൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ യാത്രചെയ്തതായി സ്വയം രേഖപ്പെടുത്തി യാത്രപ്പടി കൈപ്പറ്റിയ പി.കെ. ബിജുവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി.

സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തുക ടിഎ, സിറ്റിംഗ് ഫീ, ഇന്‍സ്പെക്ഷന്‍ ഫീ എന്നിവ നല്‍കുന്നത്‌ കെടിയുവിലാണ്. കോളേജ് പരിശോധനയ്ക്ക് ചുമതലപെടുത്തുന്ന കേരള, കാലിക്കറ്റ്സ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ 750 രൂപ കൈപ്പറ്റുമ്പോള്‍ കെടിയു സിന്‍ഡിക്കേറ്റംഗങ്ങള്‍ 5000 രൂപയാണ് ഒരു കോളേജ് ഇന്‍സ്പെക്ഷന് കൈപ്പറ്റുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top