ഒറിജിനലിനെ വെല്ലുന്ന വ്യാജ എസ്ബിഐ ബ്രാഞ്ച്; പുറത്തായത് അവിശ്വസനീയ തട്ടിപ്പ്
ഛത്തീസ്ഗഢിൽ രാജ്യത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് തുടങ്ങി തട്ടിപ്പ്. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ഛപ്പോര എന്ന ഗ്രാമത്തിൽ ബാങ്കിനെ വെല്ലുന്ന സെറ്റിട്ടാണ് തട്ടിപ്പിന് അരങ്ങൊരുക്കിയത്. പ്രദേശവാസിയായ തോഷ് ചന്ദ്രയുടെ വാടക കോംപ്ലക്‌സിലാണ് വ്യാജ എസ്ബിഐ ശാഖ ആരംഭിച്ചത്. പ്രതിമാസം 7000 രൂപയായിരുന്നു വാടക.
10 ദിവസം മുമ്പ് തുറന്ന ശാഖയിൽ ഒരു യഥാർത്ഥ ബാങ്കിന്‍റെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. പുതിയ ഫർണിച്ചർ, പ്രഫഷണൽ പേപ്പറുകൾ, സജീവമായ കൗണ്ടറുകൾ തുടങ്ങി ഒരു യഥാർഥ ബാങ്കെന്ന് തോന്നിപ്പിക്കുന്ന എല്ലാം സജ്ജീകരണങ്ങളും അവിടെ ഒരുക്കി. തട്ടിപ്പിനെക്കുറിച്ച് അറിയാതെ ഗ്രാമവാസികൾ അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനും ബാങ്കിലെത്തിയിരുന്നു. നിക്ഷേപകരിൽ നിന്നും എത്ര രൂപ തട്ടിയെടുത്തെന്ന് ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അടുത്തുള്ള ദാബ്ര എസ്ബിഐ ബ്രാഞ്ച് മാനേജർ പോലീസിന് നൽകിയ വിവരമാണ് തട്ടിപ്പ് പുറത്താകാൻ കാരണമായത്. സമീപവാസിയായ അജയ് കുമാര്‍ അഗർവാളിന് തോന്നിയ സംശയം ദാബ്ര എസ്ബിഐ മാനേജറെ അറിയിക്കുകയായിരുന്നു. ഛപ്പോരയിൽ എസ്ബിഐയുടെ കിയോസ്കിനായി അപേക്ഷിച്ചിരുന്നു. എന്നാൽ പെട്ടെന്ന് പ്രദേശത്ത് ബാങ്കിന്‍റെ ബ്രാഞ്ച് പൊട്ടിമുളച്ചതാണ് സംശയത്തിന് ഇടയാക്കിയത്. ഒരു അറിയിപ്പും കൂടാതെ ഒരു പുതിയ ശാഖ തുറക്കാൻ കഴിയുമെന്നത് അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല.
ദാബ്രയിലായിരുന്നു അഗർവാളിന്റെ അറിവിൽ ഏറ്റവും അടുത്തുള്ള അംഗീകൃത എസ്ബിഐ ബ്രാഞ്ച്. വ്യാജ ബ്രാഞ്ചിൽ നടത്തിയ അന്വേഷണത്തിൽ ബാങ്കിലെ ജീവനക്കാർക്ക് കൃത്യമായ വിശദീകരണങ്ങൾ ഒന്നും നൽകാൻ കഴിഞ്ഞില്ല. അവിടെ സ്ഥാപിച്ചിരുന്ന സൈൻബോർഡിൽ ബ്രാഞ്ച് കോഡൊന്നും രേഖപ്പെടുത്തിയിരുന്നുമില്ല. തുടർന്ന് അഗർവാള്‍ ദാബ്ര ബ്രാഞ്ച് മാനേജരെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 27ന് ഉന്നത പോലീസ് -എസ്ബിഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെ തട്ടിപ്പു സംഘം കുടുങ്ങുകയായിരുന്നു. തുടർന്ന് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത് പങ്കജ്,രേഖാ സാഹു, മന്ദിർ ദാസ് എന്നിവരാണെന്ന് കണ്ടെത്തി. മറ്റു ജീവനക്കാരെ 2-6 ലക്ഷം രൂപ വാങ്ങി യഥാർത്ഥ ബ്രാഞ്ച് എന്ന് തെറ്റിദ്ധരിപ്പിച്ച് നിയമനം നൽകുകയായിരുന്നു. വ്യാജരേഖകൾ നിർമിച്ചായിരുന്നു ജീവനക്കാർക്ക് നിയമനം നൽകിയത്. സംശയത്തിന് ഇടവരുത്താത്ത ഓഫർ ലെറ്ററുകൾ ഉണ്ടാക്കി മാനേജർമാർ, മാർക്കറ്റിംഗ് ഓഫിസർമാർ, കാഷ്യർമാർ, കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ തുടങ്ങിയ ജോലികളിലേക്കാണ് ഇവരെ നിയമിച്ചത്. തിരഞ്ഞെടുത്തപ്പെട്ടവർക്ക് വ്യാജ ബ്രാഞ്ച് പരിശീലനവും നൽകിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here