സിദ്ധാർത്ഥൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം; കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ക്രൂര റാഗിങ്ങിനിരയായ പൂക്കോട് കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സിദ്ധാർത്ഥൻ്റെ അച്ഛന്‍ ജയപ്രകാശ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സിദ്ധാര്‍ഥന്റെ മരണത്തില്‍ സഹപാഠിയായ അക്ഷയ്, കോളജ് ഡീന്‍ എം.കെ.നാരായണന്‍, അസ്സിസ്റ്റന്റ് വാര്‍ഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരെ പ്രതി ചേര്‍ക്കണം, കേസില്‍ കൊലപാതകക്കുറ്റം ചുമത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയപ്രകാശ് പറഞ്ഞു. ഇന്ന് രാവിലെയാണ് സെക്രട്ടേറിയറ്റില്‍ എത്തി സിദ്ധാർത്ഥൻ്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്. നിലവിലെ കേസ് അന്വേഷണത്തില്‍ തൃപ്തരല്ലാത്തതിനാലാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് ജയപ്രകാശ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

അതേസമയം സിദ്ധാർത്ഥൻ്റെ ബന്ധുക്കള്‍ നാളെ വയനാട്ടില്‍ എത്തും. കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് ബന്ധുക്കള്‍ വയനാട്ടിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പറ്റ ഡിവൈ.എസ്.പി ടി.എന്‍.സജീവന്‍ സിദ്ധാര്‍ഥന്‍റെ വീട്ടിലെത്തിയിരുന്നു. കേസിലെ 18 പ്രതികളും റിമാന്‍ഡില്‍ തുടരുകയാണ്. മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സണുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കോളജ് ഹോസ്റ്റലിലും പരിസരത്തുമായി നടത്തിയ തെളിവെടുപ്പില്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തി.

അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണയും, ആരും സഹായിക്കാനില്ലാത്ത നിസ്സഹായ അവസ്ഥയും തുടര്‍ന്നുണ്ടായ കടുത്ത മനോവിഷമവുമാണ് സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം. മൂന്നുദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴികള്‍. ദേഹമാസകലം ബെൽറ്റ് കൊണ്ട് അടിച്ചതിന്റെയും അടയാളങ്ങളുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധന നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top