മഹാരാഷ്ട്ര നിയമസഭ: അയോഗ്യത വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് സുപ്രീം കോടതി നിർദേശം
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യത വിഷയത്തിൽ സ്പീക്കർ തീരുമാനം വൈകിപ്പിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. ഭരണഘടനയിലെ 10 ആം അനുബന്ധ പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീട്ടാൻ സ്‌പീക്കർക്ക് കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ സ്പീക്കർ രാഹുൽ നർവേക്കർക്ക് നിർദേശം നൽകി.
ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കുന്ന നടപടി വേഗത്തിലാകണമെന്ന് കാണിച്ച് ഉദ്ധവ് താക്കറെ വിഭാഗത്തിലെ എം പി സുനിൽ പ്രഭു നൽകിയ ഹർജിയിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അയോഗ്യതയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സ്‌പീക്കർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് 11നാണ് അയോഗ്യത സംബന്ധിച്ച് നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കാൻ കോടതി സ്പീക്കർക്ക് നിർദേശം നൽകിയത്. എന്നാൽ ഇത്രയും നാളായിട്ടും സ്പീക്കർ എന്ത് ചെയ്യുകയായിരുന്നെന്നും കോടതി വിധി ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here