‘തീരുമാനിക്കേണ്ടത് കോടതിയല്ല’; വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും ഇന്ത്യന്‍ റെയിൽവേയാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഒരു ഹർജി പരിഗണിച്ചാല്‍ സമാന ഹർജികള്‍ കോടതിയിലെത്തും. അതിനാൽ നിലവിലെ സ്റ്റേഷന്‍ ക്രമം തുടരുന്നതാണ് ഉചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരൂർ സ്വദേശിയായ പിടി ഷീജിഷാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, ഹർജി പരിഗണിച്ച കേരള ഹെെക്കോടതി, ഒരു പ്രത്യേക സ്റ്റേഷനിൽ സ്റ്റോപ്പ് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മെയ് 2 ന് ആവശ്യം തള്ളിയിരുന്നു. ഇതേതുടർന്നാണ് ഹർജിക്കാരന്‍ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എംഎസ് വിഷ്ണു ശങ്കർ എന്നിവരാണ് ഹർജിക്കാരനുവേണ്ടി ഹാജരായത്.

വന്ദേഭാരതിനായി ഇന്ത്യൻ റെയിൽവേ ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നുമായിരുന്നു അപ്പീലിലെ വാദം. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിന് അവകാശമുണ്ട്. അതിനാല്‍ തീരൂരിനെ ഒഴിവാക്കി ഏകദേശം 56 കിലോമീറ്റർ അകലെയുള്ള ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച നടപടി മലപ്പുറം ജില്ലയിലെ ജനങ്ങളോടുള്ള അവഗണനയാണെന്നും ഹർജിക്കാരന്‍ വാദിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top