ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി; എഎപി സ്ഥാനാർത്ഥി ജയിച്ചതായി പ്രഖ്യാപിച്ചു

ഡൽഹി: ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ച ഫലം സുപ്രീംകോടതി റദ്ദാക്കി. വരണാധികാരി അസാധുവാക്കിയ എട്ട് വോട്ടുകൾ സാധുവാണെന്ന് കോടതി പ്രഖ്യാപിച്ചു. ഇതോടെ എഎപിയുടെ കുൽദീപ് കുമാർ വിജയിയായി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ വരണാധികാരിയും ബിജെപി നേതാവുമായ അനിൽ മസീഹ് ബാലറ്റ് അസാധുവാക്കാൻ ശ്രമിച്ചെന്ന് കോടതി പറഞ്ഞു. വരണാധികാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച എഎപിയുടെ കുൽദീപ് കുമാറിന് 20 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി മനോജ് സൊൻകർ 16 വോട്ട് നേടി. എന്നാൽ കുൽദീപിന് കിട്ടിയതിൽ എട്ട് വോട്ട് അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചതോടെ ബിജെപി അംഗം മേയർ ആവുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കുല്‍ദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

തിരഞ്ഞെടുപ്പ് ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. വീണ്ടും തിരഞ്ഞെടുപ്പ് നടത്താമെന്ന് ചണ്ഡിഗഡ് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും കോടതി ഈ വാദം തള്ളി. കേസ് നടക്കുന്നതിനിടയിൽ ചില എഎപി അംഗങ്ങൾ ബിജെപിയിൽ ചേർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കോടതിയുടെ വിധി. കുതിരക്കച്ചവടം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി മേയറായിരുന്ന മനോജ് സൊൻകർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top