ജഡ്ജിയുടെ ‘പാകിസ്താൻ, അടിവസ്ത്രം’ പരാമർശങ്ങൾക്ക് എതിരെ സുപ്രീംകോടതി; സാമാന്യ മര്യാദ പുലർത്തണമെന്ന് നിർദേശം


കോടതിയിൽ വാദം കേൾക്കുന്നതിനിടെ ജഡ്ജി നടത്തിയ വിവാദ പരാമർശത്തിൽ സുപ്രീംകോടതി വിശദീകരണം തേടി. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ നടത്തിയ പ്രയോഗത്തിലാണ് കോടതിയുടെ ഇടപെടൽ. ബംഗളൂരുവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ‘പാകിസ്താൻ’ എന്ന് വിളിക്കുകയും ഒരു വനിതാ അഭിഭാഷകയെ ഉൾപ്പെടുത്തി സ്ത്രീവിരുദ്ധ പരാമർശം ജഡ്ജി നടത്തുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കർണാടക ഹൈക്കോടതിയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

പടിഞ്ഞാറൻ ബംഗളൂരുവിലെ ഗോരി പാല്യയെക്കുറിച്ച് സംസാരിക്കവെയാണ് ജഡ്ജിയുടെ പരാമർശം. ‘ഗ്യോരി പാല്യ ഇന്ത്യയിലല്ല. പാകിസ്താനിലാണ്. കർക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥർ അവിടെ എത്തിയാലും അവർ അവിടെ മർദ്ദിക്കപ്പെടും’ – എന്നായിരുന്നു ജഡ്ജിയുടെ ഒരു പരാമർശം.

‘എതിർകക്ഷിയെക്കുറിച്ച് നിങ്ങൾക്ക്ധാരാളം കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. അതിനാൽ അവരുടെ അടിവസ്ത്രത്തിൻ്റെ നിറം വരെ വെളിപ്പെടുത്താൻ കഴിയും’ – എന്നായിരുന്നു ജസ്റ്റിസ് ശ്രീശാനന്ദ വനിതാ അഭിഭാഷകയോട് പറഞ്ഞത്. ഈ രണ്ട് സംഭവങ്ങളുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സുപ്രീംകോടതിയുടെ ഇടപെട്ടിരിക്കുന്നത്.

ജഡ്ജിമാർക്ക് കോടതിയിൽ അവരുടെ പരാമർശങ്ങൾ സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകേണ്ട ആവശ്യകത സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതിമുറി നടപടികൾ നിരീക്ഷിക്കുന്നതിലും അത് കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിലും സോഷ്യൽ മീഡിയ സജീവമായ പങ്ക് വഹിക്കുന്നു. കോടതി നടപടിക്രമങ്ങൾക്കിടയിൽ സാമാന്യ മര്യാദ പുലർത്താൻ ജഡ്ജിമാർ തയാറാവണം. അതിനുവേണ്ട ചില മാർഗനിർദ്ദേശങ്ങൾ നൽകാമെന്നും സുപ്രീംകോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top