സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; ഭരണഘടനാബെഞ്ചിൽ ഭിന്നാഭിപ്രായം

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെയാണ് വിധി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹത്തെ അനുകൂലിച്ചെങ്കിലും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്.നരസിംഹ എന്നിവർ വിയോജിച്ചതിനാൽ മൂന്നിൽ രണ്ടിന് ഹർജികൾ തള്ളി.

സ്വവർഗ വിവാഹം നഗരവരേണ്യ സങ്കൽപ്പമാണെന്ന് പറയാൻ പറ്റില്ല. സ്പെഷ്യൽ മാരേജ് ആക്ടിലെ സെക്ഷൻ നാല് ഭരണഘടനാ വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തിൽ പറയുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ് വിവാഹം എന്നത് ഭരണഘടനാ വിരുദ്ധമാണ്. അത് റദ്ദാക്കുകയോ മാറ്റി എഴുതുകയോ വേണം. ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കുന്നത് മൗലികാവകാശമാണ്. എന്നാൽ നിയമ നിർമാണം നടത്തേണ്ട പാർലമെന്റിന്റെ അധികാരത്തിൽ കടന്നു കയറുന്നില്ല. കല്യാണം കഴിക്കാത്ത പങ്കാളികൾ ബന്ധം ഗൗരവമായി കാണുന്നില്ലെന്ന് പറയാൻ പറ്റില്ല. വിവാഹിതരല്ലാത്ത പങ്കാളികൾക്കും സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാനും വളർത്താനുമുള്ള അവകാശം നൽകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്വവർഗാനുരാഗം അംഗീകരിച്ചിട്ടുണ്ടെങ്കിലും അത്കൊണ്ട് സ്വവർഗവിവാഹത്തിന് നിയമസാധുത നൽകണമെന്ന് പറയുന്നത് സമ്മതിക്കാൻ കഴിയില്ലെന്ന് എതിർത്ത ജസ്റ്റിസുമാർ പറഞ്ഞു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് നാല് വിധികളാണ് പുറപ്പെടുവിച്ചത്. സ്വവർഗാനുരാഗികളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകാൻ എല്ലാ ജഡ്ജുമാരും സമ്മതിച്ചിട്ടുണ്ട്.

സ്വർഗ വിവാഹം നിയമ വിധേയമാക്കുന്നത് കേന്ദ്ര സർക്കാർ കോടതിയിൽ എതിർത്തിരുന്നു. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും നഗര സങ്കൽപ്പമാണെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top