പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും; കോടതിക്ക് മുന്നിലുള്ളത് 237 ഹര്‍ജികള്‍; എല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി
ഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ബിജെപി ഇതര പാര്‍ട്ടികള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരുകള്‍, രാഷ്ട്രീയ നേതാക്കള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ നല്‍കിയ 237 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
ഇന്ന് മുസ്ലീം ലീഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ശേഷമാണ് സുപ്രീം കോടതി എല്ലാ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കാം എന്നറിയിച്ചത്. 2019ല്‍ പാസാക്കിയതാണെങ്കിലും കേന്ദ്രം ഇപ്പോഴാണ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നതെന്നും പൗരത്വം അനുവദിച്ചു കഴിഞ്ഞാല്‍ അത് തിരുത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പൗരത്വം നല്‍കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം അറിയിച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഹര്‍ജികളെല്ലാം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here