സ്കൂളിന് ബോംബ് ഭീഷണി; ഡൽഹിയിൽ 14കാരൻ കസ്റ്റഡിയിൽ
ഡൽഹി ഗ്രേറ്റർ കൈലാഷിലെ സമ്മര്‍ ഫീല്‍ഡ് ഉള്‍പ്പെടെ മൂന്നു സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിയുടെ ചുരുളഴിയിച്ച് പൊലീസ്. ഇ മെയിൽ സന്ദേശത്തിന് പിന്നിൽ പതിനാലുകാരൻ്റെ കുട്ടിക്കളിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭീഷണി സന്ദേശവുമായ ബന്ധപ്പെട്ട് ഒരു വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
സ്കൂളിൽ പോകാനുള്ള മടി കാരണമാണ് ഇത്തരം ഒരു സന്ദേശമയയ്ക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസിലായത്. അയയ്ക്കുന്ന സന്ദേശം യഥാർഥ്യമാണെന്ന് തോന്നിപ്പിക്കാൻ രണ്ട് സ്കൂളുകളുടെ പേരുകൾ കൂടി ഭീഷണിയിൽ ചേർക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബോംബു വെച്ചിട്ടുണ്ടെന്ന ഇ മെയിൽ സ്കൂളിന് ലഭിച്ചത്. പൊലീസിനെ വിവരമറിയിച്ചതോടെ വെള്ളിയാഴ്ച രാവിലെ ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്ക്വാഡും സ്കൂൾ പരിസരത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ വിദ്യാർഥി പിടിയിലാവുന്നത്.
ഈ വര്‍ഷം മെയ് മാസത്തില്‍ ഡൽഹിയിലെ 131 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. അവയിൽ ‘സ്വരൈം’ (Swaraiim) എന്ന വാക്ക് അടങ്ങിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ) അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ 2014 മുതൽ ഉപയോഗിക്കുന്ന വാക്കാണ്. അതിനാൽ സ്കൂളുകൾക്ക് വരുന്ന ഭീഷണി സന്ദേശങ്ങൾ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here