സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും; ഇനി നാല് നാള്‍ കലയുടെ രാവുകള്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.

ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും.

പതിനാല് സ്‌കൂളുകളിലായി 2475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി 2250 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തും.

ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തും. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നത്. എല്ലാ വേദികളിലേക്കും കെഎസ്ആര്‍ടിസിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നുണ്ട്. വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തയ്യാറാക്കിയിട്ടുണ്ട്. 112, 9497 930 804 ഹെല്‍പ്പ് ലൈന്‍ നമ്പര്‍. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സിസി ടി വി സംവിധാനം ഒരുക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top