വിദ്യാര്‍ത്ഥികളെ നവകേരള സദസിന് ഉപയോഗിക്കില്ല; സര്‍ക്കാറിന് വീണ്ടുവിചാരം; ഹൈക്കോടതിയില്‍ നിലപാടറിയിച്ചു

കൊച്ചി : നവകേരള സദസില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നവകേരള സദസിന് അഭിവാദ്യം അര്‍പ്പിക്കാനായി വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചു. നവകേരള സദസിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി.
കാസര്‍ഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജി, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here