സ്കൂൾ വിദ്യാഭ്യാസരീതി പൊളിച്ചെഴുതണം; എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണം; അധ്യാപകർക്ക് വിമർശനവുമായി ഖാദർ കമ്മിറ്റി
സ്കൂൾ അധ്യാപകർക്കും വിദ്യാഭ്യാസരീതികൾക്കും എതിരെ രൂക്ഷ വിമർശനവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. സ്കൂളുകളിൽ പിന്തുടരുന്ന അധ്യാപന രീതികൾ പൊളിച്ചെഴുതണമെന്നും എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും ഡോ.എം.എ.ഖാദർ അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശിച്ചു. അക്കാദമിക മേഖലയിൽ സ്വീകരിക്കേണ്ട പരിഷ്കാരങ്ങൾ അടങ്ങിയ റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു.
പാഠ്യ പദ്ധതി മാറുന്നത് അനുസരിച്ച് അധ്യാപകർ മാറുന്നില്ല.പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ച് മുന്നോട്ടുപോകുന്ന രീതി പൊതുവിൽ പിന്തുടരുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സിലബസിലും കാലക്രമേണ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അധ്യാപകരുടെ പഠന രീതിയിലും മനോഭാവത്തിലും മാറ്റമുണ്ടാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അധ്യാപകർ പാഠഭാഗങ്ങളെ ഉൽപന്നങ്ങളായി മാത്രം കാണുന്നു. അത് ലഭ്യമാക്കാനുള്ള എളുപ്പവഴിയാണ് അവർ തേടുന്നത് എന്ന രൂക്ഷ വിമർശനമായി റിപ്പോർട്ടിള്ളേത്. അധ്യാപകനിയമനത്തിന് അഭിരുചി മാത്രം പരിഗണിക്കാതെ കഴിവും ശേഷിയും കൂടി മാനദണ്ഡക്കണം. അധ്യാപക നിയമനത്തിൽ ഭരണഘടന നൽകുന്ന സാമൂഹികനീതി ഉറപ്പാക്കാൻ എയ്ഡഡ് സ്കൂളുകൾ അടക്കം സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിടണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
സ്കൂൾ സമയ മാറ്റം, ഒരു സ്കൂളിലെ പരമാവധി കുട്ടികളുടെ എണ്ണം, പരമാവധി ഡിവിഷനുകൾ, എട്ടാം ക്ലാസു മുതൽ പ്ലസ്ടു വരെ ഒറ്റ യൂണിറ്റ് ആക്കുക തുടങ്ങി സുപ്രധാന നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. അധ്യാപന രീതികളിലും ഇടപെടലുകളിലും വരുത്തേണ്ട മാറ്റങ്ങൾ ഒരു പ്രധാന വിഷയമായിത്തന്നെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here