സ്കൂൾ സുരക്ഷിതമല്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ടെന്ത് ഗുണം? നഴ്സറി പീഡനത്തില്‍ ബോംബെ ഹൈക്കോടതി

ബദ്‌ലാപൂരിലെ നഴ്സറി സ്‌കൂളിൽ രണ്ടും നാലും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി. സ്കൂൾ സുരക്ഷിതമല്ലെങ്കിൽ വിദ്യാഭ്യാസത്തിനുള്ള അവകാശംകൊണ്ട് എന്ത് പ്രയോജനമെന്ന് കോടതി ചോദിച്ചു. നടപടിയെടുക്കാൻ വൈകിയ പോലീസ് നടപടിയെയും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്തു. പീഡനവിവരം ബോധ്യപ്പെട്ടിട്ടും കൃത്യസമയത്ത് സംഭവം റിപ്പോർട്ട് ചെയ്യാതിരിക്കാൻ രക്ഷിതാക്കളോട് സ്‌കൂൾ അധികൃതർ ആവശ്യപ്പെടുകയാണ് ഉണ്ടായത്. അതിനാൽ സ്കൂളിനെതിരെ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടു.
ജനങ്ങൾ തെരുവിലിറങ്ങിയാലേ പോലീസ് അവരുടെ ചുമതല ചെയ്യുകയുള്ളൂ എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസ് സേനയെ ബോധവത്കരിക്കണം. മാതാപിതാക്കൾ പരാതി നൽകിയിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സെക്ഷൻ 161, 164 എന്നിവ പ്രകാരം ഇരകളിലൊരാളുടെ മൊഴി രേഖപ്പെടുത്താൻ ബദ്‌ലാപൂർ പോലീസ് ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന വസ്തുത ഞെട്ടിച്ചു. ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോഴാണ് കേസ് പോലും രജിസ്റ്റർ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 13നായിരുന്നു സ്കൂളിലെ തൂപ്പുകാരനായ അക്ഷയ് ഷിൻഡെ രണ്ട് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പീഡനം നടത്തിയത്. പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് അതിക്രമം പുറത്തറിഞ്ഞത്. വൈദ്യ പരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഓഗസ്റ്റ് 16ന് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും അദ്യം കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ മാത്രമാണ് 11 മണിക്കൂറുകൾക്ക് ശേഷം പോലീസ് എഫ്ഐആറിട്ടത്. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്ന് പോലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ബിജെപി നേതാവിൻ്റെ അടുത്ത ബന്ധുവിൻ്റെ സ്കൂൾ ആയതിനാലാണ് പോലീസ് നടപടിയെടുക്കാത്തത് എന്നും ആരോപണമുണ്ട്. റെയിൽവേ സ്റ്റേഷനും സ്കൂളും റോഡുകളും ആയിരക്കണക്കിന് ആളുകൾ ഉപരോധിച്ചിരുന്നു. പ്രതിയായ അക്ഷയ് ഷിൻഡെ താമസിച്ചിരുന്ന വീടും കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തകർത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here