‘ഒരു സർക്കാർ ഉത്പന്നം’ കാണാൻ തിരക്കഥാകൃത്ത് ഇനിയില്ല; നിസാം റാവുത്തർ അന്തരിച്ചു
പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. നിസാം തിരക്കഥ എഴുതിയ ചിത്രം ‘ഒരു സർക്കാർ ഉത്പന്നം’ മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതത്തെ തുടർന്ന് കടമ്മനിട്ടയിലെ വസതിയിൽ വച്ചാണ് അന്ത്യം. ഇന്നലെ രാത്രിയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന നിസാം ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഉൾപ്പെടെ പങ്കുവച്ചിരുന്നു.
സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായിരുന്നു. ബോംബെ മിഠായി, റേഡിയോ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. ഡോക്യുമെന്ററികളിലും സജീവമായിരുന്നു. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ നിന്ന് ഭാരതം മാറ്റണമെന്ന് സെന്‍സര്‍ ബോർഡ് അറിയിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിവാദത്തിനൊടുവിൽ ഭാരതം എന്നത് പേരിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ചിത്രം തീയേറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആകസ്മികമായ വിയോഗം. ഭാര്യ ഷഫീന, മക്കൾ റസൂൽ, അജ്മി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here