കാരണഭൂതന്‍ ചെങ്കനലാവുമ്പോള്‍… സ്തുതിഗീതം NO:3 കേട്ട സഖാക്കൾ ചോദിക്കുന്നു; ‘സത്യത്തിൽ ആരാണ് പിണറായി? പാർട്ടിനയം അദ്ദേഹത്തിന് ബാധകമല്ലേ’
മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്ത് പാട്ടുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. സംഘടനയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിൽ ആലപിക്കാനാണ് ഗാനം തയ്യാറാക്കിയത്. ഫീനിക്‌സ് പക്ഷിയായും ചെങ്കൊടിയുടെ കാവലാളായും പടനായകനായും ഒക്കെയായാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത്. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനനാണ് പാട്ടെഴുതിയത്. ‘കാവലാൾ’ എന്ന തലക്കെട്ടിലാണ് പാട്ട്. നാളെ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ സ്തുതിഗീതം ആലപിക്കും.
“ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ, ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍, കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ, കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ, കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍, ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായ്, ശക്തമായ മർദ്ദനങ്ങളേറ്റ ധീര സാരഥി…” എന്നിങ്ങനെ നീളുന്നു പാട്ടിലെ പിണറായി വാഴ്ത്തുകൾ. “കാക്കിയിട്ട കോമരങ്ങളെ മറികടന്ന് ശക്തമായ മര്‍ദനമേറ്റ സാരഥി” എന്നുപോലും, ഇപ്പോൾ പോലീസ് മന്ത്രിയായ പിണറായിക്കുള്ള സ്തുതിഗീതത്തിൽ വിശേഷിപ്പിക്കുന്നു.
അതേസമയം ഇതേ പരിപാടിക്കായി ‘പ്ലാസ്റ്റിക് ഫ്രീ സോണ്‍’ ആയ സെക്രട്ടേറിയറ്റ് പടിക്കൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് വിവാദമായപ്പോൾ നീക്കം ചെയ്യാൻ കോർപറേഷൻ ആവശ്യപ്പെട്ടെങ്കിലും സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ വഴങ്ങിയില്ല. തുടർന്ന് ഇന്നലെ വൈകിട്ടോടെ കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി നീക്കം ചെയ്യുകയായിരുന്നു.
2022ൽ കഴിഞ്ഞ സിപിഎം സമ്മേളനകാലത്താണ് പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അരങ്ങേറിയത്. വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഎമ്മിന്റ മറ്റൊരു സമ്മേളനകാലത്താണ് പിണറായി സ്തുതി വീണ്ടും എത്തുന്നത് എന്നതാണ് കൗതുകം. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’- എന്ന വരികൾ പാടി 500ഓളം സ്ത്രീകളാണ് ചുവടുവച്ചത്. ഇതിന് ശേഷം കഴിഞ്ഞ വർഷം ട്യൂബിലും ഒരു പിണറായി സ്തുതിഗാനം റിലീസ് ആയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here