‘ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ഇഫ്താർ വിരുന്നിൽ പങ്കെടുത്താൽ മതേതരം; ഗണേശ പൂജയിൽ…’ UPA കാലത്തെ ചിത്രങ്ങളുമായി ബിജെപി


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതില്‍ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് ബിജെപി. പ്രധാനമന്ത്രിയെ ലക്ഷ്യംവച്ച് നടക്കുന്ന വിമർശനം കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. 2009ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അദ്ദേഹത്തിൻ്റെ വസതിയിൽ നടത്തിയ ഇഫ്താർ വിരുന്നിൻ്റെ ചിത്രം പുറത്തുവിട്ടാണ് ഭരണപ്പാർട്ടിയുടെ തിരിച്ചടി. ചടങ്ങിൽ അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ പങ്കെടുത്തതാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.


പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തുന്ന ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രത്തിന് തലക്കെട്ടായി ഇത് മതേതരം, അപ്പോൾ ജുഡീഷ്യറി സുരക്ഷിതമാണ് എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിൻ്റെ വീട്ടിലെ ഗണേശ പൂജയിൽ പങ്കെടുക്കുന്ന ചിത്രത്തിന് ‘ ഓ..ദൈവമേ, ജുഡീഷ്യറി സന്ധി ചെയ്യുന്നു’ (oh God Judiciary compromised) ചെയ്യുന്നു എന്ന ക്യാപ്ഷനും അദ്ദേഹം നൽകി.


ജസ്റ്റിസ് കെജി ബാലകൃഷ്ണൻ, മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, സൗദി അറേബ്യ- പാകിസ്താൻ അംബാസഡർമാർ, ബിജെപി നേതാവ് എൽകെ അദ്വാനി, ഇന്ന് അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയ നിരവധി പ്രമുഖർ വിരുന്നിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും, മൻമോഹൻ സിംഗും അദ്ദേഹത്തിൻ്റെ ഭാര്യ ഗുരു ശരൺ കൗറും ചേർന്ന് അതിഥികളെ സ്വീകരിക്കുന്ന ചിത്രവും ബിജെപി നേതാവ് പങ്കുവച്ചു.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസും ഭാര്യ കൽപ്പന ദാസിനുമൊപ്പം ഗണപതി പൂജയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി ഇന്നലെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതാണ് വിവാദമായത്. ഇത് ജനങ്ങളുടെ മനസിൽ ജുഡീഷ്യറിയുടെ നിഷ്പക്ഷതയെക്കുറിച്ച് സംശയങ്ങൾക്ക് ഇടവരുത്തുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നു.

ചീഫ് ജസ്റ്റിസിലുള്ള വിശ്വാസം നഷ്ടമായെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് പ്രതികരിച്ചു. ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടി. ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായി. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന്റെ നടപടിയെ അപലപിക്കണമെന്നും ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.

ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വിമർശിച്ചു. ഒരു ജഡ്ജി തന്റെ പദവിയുടെ മാന്യത മാനിച്ച് പ്രവര്‍ത്തിക്കണം. ഭരണാധികാരികളുമായി പാലിക്കേണ്ട അകലം പാലിക്കണം. അത് ജുഡീഷ്യറിയുടെ അഭിമാനം നിലനിര്‍ത്താന്‍ ആവശ്യമാണ്. ചീഫ് ജസ്റ്റിസ് വസതിയിലെ മതപരമായ ചടങ്ങില്‍ പ്രധാനമന്ത്രിയെ അതിഥിയായി വിളിച്ചത് ശരിയായ നടപടിയല്ലെന്നും പ്രശാന്ത് ഭൂഷണണ്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top