മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് പറഞ്ഞ് കര്‍ഷകന് മെട്രോയില്‍ വിലക്ക്; സംഭവം വൈറല്‍ ആയതോടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ബെംഗളൂരു: മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് പറഞ്ഞ് മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ വയോധികനായ കര്‍ഷകനെ വിലക്കി സുരക്ഷാ ഉദ്യോഗസ്ഥന്‍. ഷര്‍ട്ടും മുണ്ടും ധരിച്ച് തലയില്‍ ഭാണ്ഡക്കെട്ടുമായെത്തിയ കര്‍ഷകന്‍ ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മറ്റൊരു യാത്രക്കാരന്‍ ഇടപെട്ടശേഷമാണ് കടത്തിവിട്ടത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിആർസി) സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടുകയും യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു.
രാജാജിനഗർ മെട്രോ സ്റ്റേഷനില്‍ നിന്ന് മെജസ്റ്റിക്കിലേക്ക് പോകാനായിരുന്നു എത്തിയത്. സുരക്ഷാപരിശോധനയ്ക്ക് ക്യൂവില്‍ നിന്നപ്പോള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പതിനഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ജീവനക്കാര്‍ കാരണം വ്യക്തമാക്കിയില്ല. കര്‍ഷകനെ കടത്തിവിടാതിരുന്നപ്പോള്‍ മറ്റ് യാത്രക്കാര്‍ ചോദ്യം ചെയ്തു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കാത്ത കർഷകന് യാത്ര ചെയ്യാൻ എന്താണ് തടസ്സമെന്ന ചോദ്യവും ഉയര്‍ന്നു.
ഏറെ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് കര്‍ഷകനെ കടത്തിവിട്ടത്. സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ബിആർസിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി. ഇതോടെ ജീവനക്കാരനെ പുറത്താക്കുകയായിരുന്നു. മെട്രോയില്‍ യാത്ര ചെയ്യാന്‍ വിഐപി വസ്ത്രധാരണം വേണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലാതിരുന്നിട്ടും വസ്ത്രത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയത് കടുത്ത അനീതിയാണെന്ന് പലരും ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഇടപെട്ട് കര്‍ഷകനു വേണ്ടി വാദിച്ച കാർത്തിക് സി. ഐറാനി എന്ന യാത്രക്കാരനെ ഒട്ടേറെ പേര്‍ പ്രശംസിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here