ഗുരുവായൂരില്‍ കല്യാണങ്ങള്‍ കലങ്ങുമോയെന്ന് ആശങ്ക; പ്രധാനമന്ത്രിയുടെ വരവില്‍ കര്‍ശന സുരക്ഷ

തൃശൂർ: സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുന്നതിനാൽ ആ സമയത്ത് നിശ്ചയിച്ചിരുന്ന വിവാഹങ്ങളുടെ സമയം മാറ്റുന്നതില്‍ ആശങ്ക. ക്രമീകരണവുമായി ബന്ധപ്പെട്ട് എല്ലാം ‘സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ്’ (എസ്.പി.ജി) തീരുമാനിക്കുന്നതെന്നും ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടിലെന്നും ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ജനുവരി 17നാണ് സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹം. പ്രധാനമന്ത്രി എത്തുന്നതിനാല്‍ ഗുരുവായൂരില്‍ കര്‍ശന സുരക്ഷയുണ്ടാകും. അതുകൊണ്ട് അന്നേ ദിവസം രാവിലെ 6നും 9നുമിടയിൽ നിശ്ചയിച്ച വിവാഹങ്ങളുടെ സമയം മാറ്റി എന്നാണ് വിവരം.
എസ്.പി.ജിയുമായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷം മാത്രമേ ക്രമീകരണം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം പറയാന്‍ കഴിയുവെന്നാണ് ദേവസ്വം ബോര്‍ഡില്‍ നിന്ന് ലഭിച്ച വിവരം. എന്നാൽ ഈ സമയത്ത് കല്യാണം നടത്തുന്നവർ തിരിച്ചറിയൽ കാർഡും ഫോട്ടോയും നൽകി പ്രത്യേക പാസ് എടുക്കണമെന്നും ഒരു വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമേ അനുമതിയുള്ളു എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന സമയത്ത് ഭക്തർക്കും നിയന്ത്രണമുണ്ട്. കൂടാതെ ആ സമയം നിശ്ചയിച്ചിരുന്ന തുലാഭാരം, ചോറൂണ് എന്നിവയുടെ സമയവും പുനഃക്രമീകരിക്കും.
ജനുവരി 16ന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി 17ന് രാവിലെ ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങും. തുടർന്ന് റോഡ് മാർഗമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രദർശനത്തിന് ശേഷം സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിൽ അദ്ദേഹം പങ്കെടുക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here