കോഴി ഫാമാകുന്ന സ്വാശ്രയ കോളജുകൾ!! തമിഴ്നാട് മോഡൽ ഇവിടെയും വരുമോ? ‘പിഎ അസീസ്’ ഉടമയുടെ ദാരുണാന്ത്യം ഓർമിപ്പിക്കുന്നത്

തിരുവനന്തപുരം കരകുളത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് ഉടമയുടെ ആത്മഹത്യാ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. മുതലാളിമാരിൽ നിന്ന് ഒരു കാലിച്ചായ പോലും വാങ്ങികുടിക്കാതെയാണ് സ്വാശ്രയ കോളജുകൾ അനുവദിച്ചതെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞിരുന്ന എകെ ആൻ്റണിയോട് മുഖ്യമന്ത്രിയായിരിക്കെ പലരും ഇത്തരം ദുരന്തം മുൻകൂട്ടി പറഞ്ഞിരുന്നു. അദ്ദേഹമോ പിന്നാലെ വന്നവരോ അത് ചെവിക്കൊണ്ടില്ല. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കുട്ടികളെ കിട്ടാത്തതുമൂലം ഒരുപാട് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾ കോഴിഫാമുകളായി പരിണമിച്ചത് ഒരു യാഥാർത്ഥ്യമാണ്.

പിഎ അസീസ് എഞ്ചിനീയറിംഗ് കോളജ് ഉടമ മുഹമ്മദ് അബ്ദുൽ താഹ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇന്നലെയാണ് ജീവനൊടുക്കിയത്. വിദ്യാഭ്യാസരംഗം ഒരു കഴുത്തറപ്പൻ കച്ചവട മേഖലയാണെന്ന കണക്കുകൂട്ടലിലാണ് പലരും ഇതിലേക്ക് കടന്നുവന്നത്. സ്വാശ്രയമേഖല യാതൊരു നിയന്ത്രണവുമില്ലാതെ തുറന്ന് കൊടുത്തിട്ട് കേവലം 23 വർഷമായപ്പോഴേക്കും എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖല ഏതാണ്ട് അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. കഴിഞ്ഞ വർഷം മാത്രം 30,000ത്തിലധികം എഞ്ചിനീയറിംഗ് സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്.

130 സ്വാശ്രയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളാണ് സംസ്ഥാനത്തുള്ളത്. മിക്കവയും അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. പലയിടങ്ങളിലും കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നു. മിക്ക കോളജുകളിലും പഠിപ്പിക്കാൻ അധ്യാപകരോ, പ്രാക്ടിക്കലിന് സൗകര്യങ്ങളോ ഇല്ല. പലതും തട്ടിക്കൂട്ട് അവസ്ഥയിലുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ ഒഴിഞ്ഞു പോകുകയാണ്. പ്രവേശന പരീക്ഷയിൽ മിനിമം മാർക്കു പോലും കിട്ടാത്തവർക്കും അഡ്മിഷൻ കൊടുത്തിട്ടും മിക്ക സ്വാശ്രയ സ്ഥാപനങ്ങളിലും ആവശ്യത്തിന് കുട്ടികളെ കിട്ടുന്നില്ല.

കഴിഞ്ഞ വർഷത്തെ അഡ്മിഷൻ കാലത്ത് 10 വിദ്യാർത്ഥികളെപ്പോലും ലഭിക്കാത്ത 30 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ ഉണ്ടായിരുന്നു. മൂന്നു കോളജുകളിൽ ഒരാൾ പോലും പ്രവേശനം നേടിയിട്ടില്ല. 100 വിദ്യാർഥികളെയെങ്കിലും ലഭിച്ചത് കേവലം 19 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾക്ക് മാത്രമാണ്. ഇതാണ് സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളുടെ അവസ്ഥ.

എഞ്ചിനീയറിംഗ് പാസായവർക്ക് തൊഴിൽ സാധ്യതകൾ കുറയുന്നതും നിലവാരം കുറഞ്ഞ വിദ്യാഭ്യാസവുമാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ പ്രധാന കാരണം. കേരളത്തിലെ ഉപരിപഠനം നിലവാരം ഇല്ലാത്തതാണെന്ന തോന്നലാണ് വിദ്യാർത്ഥികൾ സംസ്ഥാനത്തിനു വെളിയിലേക്കും വിദേശത്തേയ്ക്കും ചേക്കേറുന്നതിനു കാരണം. കോടികൾ മുടക്കിയ കോളജുകൾ ഒഴിവാക്കാനോ വിറ്റഴിക്കാനോ കഴിയാത്ത അവസ്ഥയിലാണ് പല മാനേജ്മെൻ്റുകളും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top