സ്വർഗത്തിൽ പോകാൻ കൊതിക്കുന്ന സഖാക്കൾ!! ലോറൻസിൻ്റെ അന്ത്യാഭിലാഷത്തെക്കുറിച്ച് മിണ്ടാതെ സിപിഎം

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ദൈവമില്ലായെന്നും, ഭൗതികവാദത്തിനാണ് പ്രസക്തിയെന്നുമൊക്കെ അണികൾക്ക് സ്റ്റഡി ക്ലാസ് എടുക്കുന്ന നേതാക്കൾക്ക് അവസാനകാലത്ത് സ്വർഗത്തിൽ പോകണമെന്ന ആശയുദിക്കുന്നു എന്ന വിഷയത്തിൽ കരുതലോടെ സിപിഎം. പാർട്ടിയുടെ മുതിർന്ന നേതാവും കേന്ദ്രകമ്മറ്റി അംഗവുമായിരുന്ന എം എം ലോറൻസിൻ്റെ അന്ത്യാഭിലാഷമെന്ന മട്ടിൽ പുറത്തുവന്ന വീഡിയോയെക്കുറിച്ച് സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാർട്ടി സമ്മേളനം സമാപിച്ചതിൻ്റെ പിറ്റേന്നായിരുന്നു ലോറൻസിൻ്റെ രണ്ട് പെൺമക്കൾ വെളിപ്പെടുത്തൽ നടത്തിയത്.
“എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം സുജാത (മകൾ) പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം. അതിന് മാറ്റം വരുത്തരുത്”, എന്നാണ് ലോറൻസിന്റേതെന്ന് പറഞ്ഞ് പെൺമക്കൾ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറയുന്നത്. പഴയ ഫോണിലാണ് വീഡിയോ ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ വീഡിയോയിലെ ദൃശ്യങ്ങൾ പൂർണമായി വീണ്ടെടുക്കാൻ കഴിയാത്തത് കൊണ്ട് ശബ്ദമാണ് മാധ്യമങ്ങളെ കേൾപ്പിച്ചത്. മതാചാരപ്രകാരം തന്നെ പള്ളിയിൽ അടക്കണമെന്ന പിതാവിൻ്റെ ആഗ്രഹം പറഞ്ഞപ്പോൾ അതിന് തെളിവിനായിട്ടാണ് വീഡിയോ റിക്കോർഡ് ചെയ്തതെന്നാണ് സുജാത പറഞ്ഞത്
ALSO READ: ‘വിപ്ലവമാകുന്ന’ കമ്യൂണിസ്റ്റുകാരുടെ അന്ത്യയാത്രകൾ; ലോറൻസിൻ്റെ മടക്കവും മാറ്റമില്ലാതെ
ഇതുപ്രകാരം പിതാവിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് മകൾ ആവശ്യപ്പെട്ടെങ്കിലും, മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കണം എന്നായിരുന്നു മകൻ എം എൽ സജീവൻ്റെ തീരുമാനം. ഇതോടെ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ സജീവൻ്റെ വാദം അംഗീകരിച്ച് കളമശേരി മെഡിക്കൽ കോളജിന് വിട്ടുകൊടുക്കാൻ ഉത്തരവായിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ വീണ്ടും റിവ്യൂ പെറ്റീഷനുമായി കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ് പെൺമക്കൾ. സെപ്‌തംബർ 21നാണ് എം എം ലോറൻസ് അന്തരിച്ചത്. അദ്ദേഹത്തിൻ്റെ പെൺമക്കളായ സുജാതയും ആശയുമാണ് വീഡിയോ സന്ദേശം പുറത്ത് വിട്ടത്.
ഏഴ് പതിറ്റാണ്ടിലധികം കമ്യൂണിസ്റ്റ് ചിന്തകൾ അരച്ചുകലക്കി കുടിച്ച വിപ്ലവനേതാവിന് അവസാനകാലത്ത് ഇങ്ങനെയൊരു ആഗ്രഹം വന്നതിൻ്റെ പിന്നാമ്പുറം ചികയാനൊന്നും പാർട്ടി മുതിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം. കാൾ മാർക്സിൻ്റെ സിദ്ധാന്തപ്രകാരം ഭൂമിയിൽ സ്വർഗം പണിയാനിറങ്ങുന്ന വിപ്ലവകാരികളാണ് ജീവിതാന്ത്യത്തിൽ സ്വർഗത്തിൽ പോകാൻ വെമ്പൽ കൊള്ളുന്നത്. ഇത്തരം അപ്പന്മാരുടെ മക്കൾ പോലും അപ്പൻ്റെ സിദ്ധാന്തങ്ങളോട് അകലം പാലിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കമ്യൂണിസം കൊണ്ട് ഇഹലോകത്ത് പ്രയോജനമില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് വീണുകിട്ടിയ ആയുധമാണ് ഈ വീഡിയോയെന്നും പറയേണ്ടിവരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here