എം.എം.ലോറന്‍സ് അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍

മുന്‍ ഇടതുമുന്നണി കണ്‍വീനറും മുതിർന്ന സിപിഎം നേതാവുമായ എം.എം.ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സേവ് സിപിഎം ഫോറവുമായി ബന്ധപ്പെട്ട് ആരോപണം വന്നപ്പോള്‍ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടു. എന്നാൽ പിന്നീട് സംസ്ഥാന കമ്മിറ്റിയിലേക്കും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എത്തി.
1946 ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്നു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായി പൊലീസ് മർദനമേറ്റു. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞു.
എറണാകുളം മുളവുകാട് അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. സെന്റ് ആൽബർട്ട്സ് സ്കൂളിലും എറണാകുളം മുനവിറുൽ ഇസ്‌ലാം സ്കൂളിലുമായായി പഠനം. പത്താം ക്ലാസിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാർഥി ഫെഡറേഷൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here