കെ.എസ്.ഈശ്വരപ്പയെ ബിജെപി പുറത്താക്കി; ശിവമോഗയില്‍ വിമതനായി മത്സരിക്കുന്ന മുതിര്‍ന്ന നേതാവിനെ പുറത്താക്കിയത് ആറ് വര്‍ഷത്തേക്ക്; നടപടി മത്സരത്തില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന്

ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയെ ബിജെപി പുറത്താക്കി. പാര്‍ട്ടിയെ വെല്ലുവിളിച്ച് ശിവമോഗയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയിട്ടുള്ളത്. ഹവേരിയില്‍ മകന്‍ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.എസ്.യെഡിയൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ.രാഘവേന്ദ്രയ്‌ക്കെതിരെ ഈശ്വരപ്പ മത്സരിക്കുന്നുണ്ട്. മകനെ തഴഞ്ഞത് യെഡിയൂരപ്പയുടെ ചരടുവലിയാണെന്ന് ഈശ്വരപ്പ ആരോപിച്ചിരുന്നു. .

വിമത നീക്കത്തില്‍ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. കര്‍ണാടക ബിജെപിയില്‍ യെഡിയൂരപ്പ വിഭാഗം വീണ്ടുംപിടിമുറുക്കിയതില്‍ ഈശ്വരപ്പ വിമര്‍ശനം ഉന്നയിച്ചിരുന്നു. അദ്ദേഹം മോദിയുടെ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനെതിരെ പാര്‍ട്ടി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈശ്വരപ്പയ്ക്ക് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മകന് സീറ്റ് നല്‍കുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിരുന്നതായി ഈശ്വരപ്പ പറഞ്ഞിരുന്നു. എന്നാല്‍ ഹവേരിയില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ആണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെയാണ് ശിവമോഗയില്‍ ഈശ്വരപ്പ സ്ഥാനാര്‍ത്ഥിയായത്. മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവരാജ്കുമാറാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top