അദാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ; ഓഹരിക്കമ്പോളത്തിൽ കോടികളുടെ തട്ടിപ്പെന്ന് അന്താരാഷ്ട മാധ്യമ സംഘടന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന അദാനി കുടുംബവുമായി ബന്ധമുള്ളവർ വ്യാജ കമ്പനികൾ. മൗറീഷ്യസിലെ വ്യാജ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് പുതിയ ആരോപണം. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് (ഒസിസിആർപി) ആണ് ആരോപണം ഉന്നയിച്ചത്. വിപണിയിൽ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയെങ്കിലും ഓഹരി വിലയിടിവ് തടയാനായില്ല.
അന്താരാഷ്ട്ര മാധ്യമങ്ങളായ ഫിനാൻഷ്യൽ ടൈംസ്, ദി ഗാർഡിയൻ തുടങ്ങിയ പത്രങ്ങളിലാണ് അദാനി ഗ്രുപ്പിന്റെ തട്ടിപ്പിനെക്കുറിച്ച് ഇന്ന് വാർത്തകൾ വന്നത്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ അദാനി തുടരുന്ന വലിയ ക്രമക്കേടുകളെക്കുറിച്ചാണ് ഒസിസിആർപി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഷെൽ കമ്പനികളെയുപയോഗിച്ച് അദാനിഗ്രൂപ്പിന്റെ ഷെയർ വാങ്ങി വിൽപ്പന നടത്തുന്നുവെന്ന കണ്ടെത്തെൽ വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്.
2022 ൽ അദാനിഗ്രൂപ്പ് ഉടമയായ ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനുമായിരുന്നു. ഈ വർഷം ന്യൂയോർക്ക് ആസ്ഥാനമായ സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് അദാനി നടത്തിയ ചില ക്രമക്കേടുകളെക്കുറിച്ച് ഗുരുതരമായ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ഹിൻഡൻബർഗ് കണ്ടെത്തലുകളെ അദാനിഗ്രൂപ്പ് നിഷേധിച്ചെങ്കിലും ഷെയർ മാർക്കറ്റിൽ കനത്ത തിരിച്ചടികൾ നേരിടേണ്ടിവന്നു.
അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള നാസെർ അലി ഷെഹ്ബാൻ ആഹ്‌ലി, ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികൾ വഴി 2013-2018 കാലയളവിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. കൃത്രിമം കാണിച്ച് ഓഹരി വില ഉയർത്താൻ ഈ നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് നീക്കം നടത്തിയെന്ന് ഒസിസിആർപി പറയുന്നു. അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പാർലമെന്റിനകത്തും പുറത്തും ഉന്നയിച്ചെങ്കിലും മോദി മറുപടി പറയാത്തതും വിവാദമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here