വീട്ടുജോലിക്കാരുടെ പേരിലും സമ്പാദ്യം; വിജിലൻസും ഒളിച്ചുകളിച്ചു; ജിഎസ്ടി മുൻ ഡിസിക്കെതിരെ വിരമിച്ച ശേഷവും അന്വേഷണം വന്നവഴി
ജിഎസ്ടി ഇൻ്റലിജൻസ് മുൻ ഡെപ്യൂട്ടി കമ്മിഷണർ എസ്.വി.ശിശിറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം കോടതിയുടെ വിധിയിൽ ഗുരുതര പരാമർശങ്ങൾ. കേരളത്തിൽ പലയിടത്തായി ഉണ്ടെന്ന് പറയപ്പെടുന്ന സ്വത്തുക്കളുടെ വിവരങ്ങളെല്ലാം പരാതിയിൽ പലപ്പോഴായി ഉന്നയിച്ചിട്ടും മുൻപ് നടന്ന വിജിലൻസ് അന്വേഷണങ്ങളിലൊന്നും ഇവയൊന്നും പരിശോധിച്ചിട്ടേയില്ല. ഭൂസ്വത്തുക്കളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെയുള്ള ഇവ സമഗ്രമായി പരിശോധിക്കാൻ നിർദേശിച്ചാണ് ജിഎസ്ടി വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ ജോർജ് വർഗീസിൻ്റെ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം വി രാജ കുമാര മൂന്നാംവട്ട അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിക്ക് നൽകിയിരിക്കുന്ന നിർദേശം. മുൻപ് നടത്തിയ അന്വേഷണങ്ങളുടെ തുടർച്ചയായി ഇതിനെ കാണാം. അതിനാൽ സർക്കാരിൻ്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ഇവിടെ ബാധകമാകില്ല. അനുമതി വാങ്ങണമെന്ന് അഴിമതി നിരോധന നിയമത്തിൽ 2017ൽ ഭേദഗതി വരുന്നതിന് മുൻപാണ് മുൻ അന്വേഷണങ്ങൾ നടന്നത്. മാത്രവുമല്ല, സർക്കാർ ഉദ്യോഗസ്ഥൻ ഔദ്യോഗിക ജോലിയുടെ ഭാഗമായുണ്ടായ അഴിമതിയാരോപണത്തിൽ മാത്രമേ സർക്കാരിൻ്റെ മുൻകൂർ അഴിമതിയുടെ ആവശ്യം വരുന്നുള്ളൂ. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ഇപ്പോൾ ഉണ്ടായിട്ടുള്ള പരാതി അത്തരം ഒന്നല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എസ്.വി.ശിശിറിൻ്റെ വീട്ടുജോലിക്കാരികളായ ചെറുപുഷ്പം, ലീല തദേവൂസ് എന്നിവരുടെ പേരുകളിൽ പോലും ബിനാമി സ്വത്ത് സമ്പാദിച്ചതായി പരാതിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. വിവിധ സഹകരണ ബാങ്കുകളിൽ നിക്ഷേപമായാണ് ഇത്. ഇതും അന്വേഷണ പരിധിയിൽ വരണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. 2018ൽ വിജിലൻസ് തന്നെ ക്വിക്ക് വെരിഫിക്കേഷൻ നടത്തി ഇയാൾക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് വിജിലൻസ് സ്പെഷ്യൽ സെൽ ഇൻസ്പെക്ടർ പരിശോധിച്ച് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. രാഷ്ടീയ-ഭരണ സ്വാധീനം മൂലമാണ് ഇതുണ്ടായതെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
1989ൽ ആശ്രിത നിയമനത്തി ലൂടെ ക്ലാർക്കായിട്ടാണ് എസ്.വി.ശിശിർ സർവീസിൽ പ്രവേശിച്ചത്. അന്നുമുതൽ വഴിവിട്ട മാർഗങ്ങളിലൂടെ സ്വത്തുസമ്പാദനം നടത്തിപ്പോന്നു എന്നാണ് പരാതിയിൽ പറയുന്നത്. അങ്ങനെ ഇതുവരെ 20 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ മെയ് 31ന് വിരമിച്ച ശിശിറിനെതിരെ ഇത് മൂന്നാം തവണയാണ് വിജിലൻസ് അന്വേഷണം വരുന്നത്.
നികുതി അടയ്ക്കുകയോ റിട്ടേൺ ഫയൽ ചെയ്യുകയോ ചെയ്യാതിരുന്ന ബി എസ് എൻ്റർപ്രൈസസ് എന്ന ക്രഷർ യൂണിറ്റിൽ പരിശോധന നടത്തിയ ശിശിർ 31,71,860 രൂപ പിഴ ചുമത്തി. തുടർന്ന് ഉടമയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ശേഷം പിഴ ഒന്നര ലക്ഷമാക്കി ഇളവുചെയ്ത് കൊടുത്തതിൻ്റെ തെളിവുകളും സഹിതമാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്തെ വാണിജ്യനികുതി ജോയിൻ്റ് കമ്മീഷണർ ത്യാഗരാജ ബാബു നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ടും ഹാജരാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here