റിയാസ് മൗലവി കൊലക്കേസിൽ കോടതി വിട്ടയച്ച പ്രതികളെ വധിക്കാൻ ക്വട്ടേഷൻ; വ്യാപക പണപ്പിരിവ്; 50ലക്ഷം ശേഖരിച്ചെന്ന് പോലീസ് റിപ്പോർട്ട്
കാസർകോട് പഴയ ചൂരിയിലെ മദ്രസാധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ഒരുസംഘം കൊലപ്പെടുത്തിയത് 2017 മാർച്ച് 20ന് അർധരാത്രിയായിരുന്നു. ഏഴുവർഷത്തിന് ശേഷം സംശയത്തിൻ്റെ ആനുകൂല്യം നൽകി മൂന്നുപ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 31നാണ് ഈ വിധി വന്നത്. പ്രതികൾ ആർഎസ്എസുകാരാണെന്നും മതപരമായ കാരണങ്ങളാലാണ് മൗലവിയെ കൊന്നതെന്നും പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സജീവ ചർച്ചയായിരുന്നു. എന്നാൽ പ്രതികളെ വെറുതെവിടില്ലെന്ന് പ്രഖ്യാപിച്ച സർക്കാർ, വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
വിധിക്കെതിരെ പൊതുസമൂഹത്തിൽ നിന്നും, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നുയർന്ന കടുത്ത രോഷം മുതലെടുത്ത് കാസർകോട് അണംകൂരിൽ നിന്നുള്ള ഗുണ്ടാസംഘം രംഗത്ത് എത്തിയിരിക്കുന്നു എന്നാണ് പോലീസ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലും വേരുകളുള്ള ഇവർ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ വൻ തോതിൽ പ്രചാരണം നടത്തുകയും ചെയ്തു. ഇതിൻ്റെ ഫലമായി 50 ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞു. മൗലവി വധക്കേസിൽ വിട്ടയക്കപ്പെട്ട പ്രതികളെ ഉന്മൂലനം ചെയ്യാൻ ഇവർ ഉറപ്പിച്ചിരിക്കുകയാണെന്നും ഈ തുക ഇതിനായി ഉപയോഗിക്കും എന്നുമാണ് റിപ്പോർട്ട്. പണമായി സൂക്ഷിച്ചിട്ടുള്ള തുകയുടെ ഫോട്ടോകൾ ഏതാനും ദിവസം മുൻപ് ഈ സംഘത്തിൽ എല്ലാവരും വാട്സാപ്പ് സ്റ്റാറ്റസായി പോസ്റ്റു ചെയ്തിരുന്നു. വിഷയം ചർച്ചയാകാൻ തുടങ്ങിയതോടെ അത് പിൻവലിച്ചു.
കാസർകോട് പോലീസ് സ്റ്റേഷനിൽ ആറു ക്രമിനൽ കേസുകളിൽ പ്രതിയായ അബൂബക്കർ സുഹൈലാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇയാളുടെ സഹോദരന്മാർ രണ്ടുപേരും ഇതേ സംഘത്തിലുണ്ട്. കൂടാതെ കൊലക്കേസുകളിൽ പ്രതികളായ മറ്റു ചിലരും, തീവ്ര മതചിന്ത പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പലരും സംഘത്തിൻ്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മതസ്പർധ വളർത്താൻ പാകത്തിലുള്ള വിഷയങ്ങൾ ഏറ്റെടുക്കുകയും അതിൻ്റെ പേരിൽ പണപ്പിരിവ് നടത്തുന്നതും ഇവരുടെ രീതിയാണ്. മറ്റൊരു ഗുണ്ടാസംഘവുമായി ദുബായിലുണ്ടായ ഏറ്റുമുട്ടൽ കേസാകാതെ കഷ്ടിച്ച് രക്ഷപെട്ട് തിരിച്ചെത്തിയ സംഘം ഇപ്പോൾ സ്വർണക്കടത്തിലും ഹവാലപ്പണം കൊള്ള ചെയ്യുന്ന പരിപാടിയിലും ആണ് ഏർപ്പെട്ടിരിക്കുന്നത്.
തീവ്രസ്വഭാവമുള്ള ചില സംഘടനകളുമായി ചേർന്ന് ഇവർ ചില ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. അതും കണക്കിലെടുത്ത് നാട്ടിലും വിദേശത്തും ഇവരുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കണം എന്നതടക്കം ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പിൻ്റെ സജീവ പരിഗണനയിലാണ്. റിയാസ് മൗലവി വധക്കേസിൽ കോടതി വിട്ടയച്ച പ്രതികൾക്കും അവരുടെ വീടുകൾക്കും സുരക്ഷ ഒരുക്കുന്നത് ഉചിതമായിരിക്കുമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. (പോലീസ് നടപടികളുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് റിപ്പോർട്ടിലെ ചില സുപ്രധാന വിവരങ്ങൾ മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്യുന്നില്ല).
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here