കല്യാണി പ്രിയദർശൻ്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ നാളെ എത്തുന്നു; മാധ്യമലോകം വിട്ടൊരാൾ കൂടി സിനിമയിലേക്ക്
കല്യാണി പ്രിയദര്‍ശന്‍ മലബാറിലെ ഫുട്‌ബോള്‍ കമന്റേറ്ററായെത്തുന്ന ഫാമിലി എന്റര്‍ടെയ്നർ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’ നാളെ (നവംബർ 17 വെള്ളി) തീയറ്ററുകളിലേക്ക്. കല്യാണി ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുന്നു എന്ന പ്രത്യേകതയും ഫാത്തിമയ്ക്കുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബോക്‌സ് ഓഫീസ് ഹിറ്റുകളായ ലിയോ, ജവാന്‍, ജയിലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗോകുലം മൂവീസ് ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. ദൃശ്യമാധ്യമ പ്രവർത്തകനായ മനു സി കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ മലയാളത്തിലെ ആദ്യ ചിത്രവുമാണ്.
മാധ്യമ പ്രവർത്തനത്തിലെ മികവിന് ദേശീയതലത്തിൽ നൽകുന്ന രാംനാഥ് ഗോയങ്ക അവാർഡ് അടക്കം അംഗീകാരങ്ങൾ നേടിയ ജേർണലിസ്റ്റാണ് മനു സി കുമാർ. മനോരമ ന്യൂസ് ചാനലിലടക്കം 17 വര്‍ഷം ജേർണലിസ്റ്റായി ജോലിചെയ്ത ശേഷം, ഒരു സിനിമയിലും ആരെയും അസിസ്റ്റ് ചെയ്യാതെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. “2018ലാണ് ഫാത്തിമയുടെ കഥ എഴുതുന്നത്. രവി ശാസ്ത്രിയുടെ ഒരു കമന്ററിയില്‍ നിന്നാണ് ത്രെഡ് കിട്ടിയത്. ക്രിക്കറ്റ് കമന്റേറ്ററായ പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമ എന്നതായിരുന്നു ആദ്യത്തെ ആലോചന. പിന്നീട് മലപ്പുറത്തുകാരിയായ ഫുട്‌ബോള്‍ അനൗണ്‍സര്‍ ഫാത്തിമ (പാത്തു) എന്ന കഥാപാത്രത്തിലേക്ക് എത്തി. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ റിലീസ് സമയത്താണ് കല്യാണിയോട് കഥ പറയുന്നത്. കല്യാണി ത്രിൽഡായി. അവരുടെ സംസാരവും ശൈലികളും മനസിലെ കഥാപാത്രത്തിന് ഇണങ്ങിയതായിരുന്നു. കല്യാണി ഉറച്ചു നിന്നതു കൊണ്ടാണ് ഈ സിനിമയുണ്ടായത്. ചില ഫുട്‌ബോള്‍ കളിക്കാരും താരങ്ങളും അവരായി തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതൊരു ഫുട്‌ബോള്‍ ചിത്രം മാത്രമല്ല. കളര്‍ഫുളായൊരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രം കൂടിയാണ്. പ്രതീക്ഷയ്ക്കപ്പുറമാണ് ട്രെയിലറിനും ടീസറിനും ലഭിച്ച സ്വീകാര്യത. ന്യൂസ് ഡോക്യുമെന്ററികളല്ലാതെ ഹ്രസ്വ ചിത്രങ്ങളോ വീഡിയോകളോ ചെയ്ത പരിചയം എനിക്കില്ല. സിനിമയില്‍ ആരെയും അസിസ്റ്റ് ചെയ്തിട്ടുമില്ല. ആദ്യ സിനിമയില്‍ എല്ലാം ഒത്തിണങ്ങി വന്നത് ഒരു ഭാഗ്യമാണ്,” മനു സി കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മലയാള മാധ്യമ രംഗത്തു നിന്ന് സംവിധായകരായും തിരക്കഥാകൃത്തുക്കളായും പലരും സിനിമയിലേക്ക് എത്തിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിൽ ഒട്ടേറെ അന്വേഷണാത്മക പരമ്പരകൾ ചെയ്ത് ശ്രദ്ധേനായ ജേർണലിസ്റ്റായ പ്രജേഷ് സെൻ ആണ് പിന്നീട് ഹിറ്റ് സനിമകളായ ക്യാപ്റ്റൻ, വെള്ളം തുടങ്ങിയവ സംവിധാനം ചെയ്തത്. ജേർണലിസ്റ്റായിരിക്കെ കണ്ടുമുട്ടി അഭിമുഖങ്ങൾ നടത്തിയ നമ്പി നാരായണൻ്റെ ആത്മകഥ തമിഴ് നടൻ മാധവൻ പല ഭാഷകളിൽ സിനിമയാക്കിയപ്പോൾ പ്രജേഷ് കോ-ഡയറക്ടറുമായി. ലാൽ ജോസിൻ്റെ രസികനിൽ തുടങ്ങി ലൂസിഫറും എമ്പുരാനും വരെയുള്ള വൻ സിനിമകളുടെ നെടുംതൂണായ മുരളി ഗോപിയും ജേർണലിസ്റ്റായാണ് കരിയർ തുടങ്ങിയത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലും ദി ഹിന്ദുവിലും ഏറെക്കാലം സബ് എഡിറ്ററായിരുന്ന മുരളി രണ്ടാം ഇന്നിങ്സിൽ നടനായും തിളങ്ങുകയാണ്. ചിത്രഭൂമി മാസികയില്‍ ജോലി ചെയ്തിരുന്ന കാലത്ത് സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ട് സിനിമയിലെത്തിയ രൺജി പണിക്കറാണ് പിന്നീട് ഏകലവ്യൻ, ദി കിംഗ്, കമ്മീഷണര്‍, മാഫിയ, ലേലം തുടങ്ങി എണ്ണംപറഞ്ഞ ആക്ഷൻ സിനിമകൾ എഴുതിയത്. സൂപ്പർ താരപദവിയിലേക്ക് സുരേഷ് ഗോപിയെ എത്തിച്ചത് ഈ ചിത്രങ്ങളാണ് എന്നത് ചരിത്രം. 1999ൽ സംവിധായകൻ ജോഷിക്ക് വേണ്ടിയെഴുതി സുരേഷ് ഗോപി നായകനായ സിനിമ ‘പത്രം’, മലയാള പത്രവ്യവസായത്തിലെ അനഭിലഷണീയ പ്രവണതകളെ പലതിനെയും റിയലിസ്റ്റിക് ആയി ചിത്രീകരിച്ചത് ആയിരുന്നു. സംവിധായകൻ്റെ വേഷവുമണിഞ്ഞ പണിക്കർ ഒടുവിലിപ്പോൾ ഒന്നാന്തരം നടനായും തിളങ്ങുകയാണ്.
ഉടല്‍ എന്ന ശ്രദ്ധേയ ചിത്രം ഒരുക്കി സിനിമയിലെത്തിയ രതീഷ് രഘുനന്ദൻ അമൃത ടിവിയുടെ സിറ്റിസൺ ജേർണലിസ്റ്റ് പരിപാടിയിലൂടെ മാധ്യമ പ്രവർത്തനത്തിലെത്തി അമൃത ചാനൽ അടക്കം സ്ഥാപനങ്ങളിൽ ന്യൂസ് റിപ്പോർട്ടറായി ജോലിചെയ്തിരുന്നു. 1986ൽ ഇടുക്കി തങ്കമണിയിലുണ്ടായ വിവാദമായ പോലീസ് നടപടിയുടെ പശ്ചാത്തലത്തിൽ തങ്കമണി എന്ന പേരിൽ രതീഷ് ഒരുക്കുന്ന ദിലീപ് ചിത്രം ഉടൻ റിലീസാകും. കേരള കൗമുദിയിൽ സീനിയർ സബ് എഡിറ്ററായിരുന്ന കലവൂർ രവികുമാറാണ് ഒറ്റയാൾ പട്ടാളം, ഇഷ്ടം, നമ്മൾ, സ്വ.ലേ തുടങ്ങി പത്തോളം ജനപ്രിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയത്. ചാര്‍ലി, ലീല, നാരദന്‍ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയ ഉണ്ണി ആർ എഷ്യാനെറ്റ് ന്യൂസ് ചാനലിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിൽ എത്തിയത്. മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററായിരുന്ന ജി ആര്‍ ഇന്ദുഗോപനും പിന്നീട് മാധ്യമരംഗത്ത് നിന്നും മാറി സിനിമയില്‍ സജീവമായി. ഒറ്റക്കയ്യന്‍, ചിതറിയവര്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. സ്വയം എഴുതിയ ഒട്ടനവധി ചെറുകഥകൾക്ക് സിനിമാഭാഷ്യം ഒരുക്കാനുള്ള പണിപ്പുരയിലുമാണ്. ശ്രീബാല കെ മേനോന്‍, ആര്‍ എസ് വിമല്‍, എം സിന്ധുരാജ്, സണ്ണി ജോസഫ്, മാനുവല്‍ ജോര്‍ജ് എന്നിവരും മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്.