വാർത്തയിൽ പിഴച്ച് മനോരമ; 10 ലക്ഷം നഷ്ടപരിഹാരം നൽകണം; കണ്ണൂർ സബ്കോടതിയുടെ ഉത്തരവ് ഇ.പി.ജയരാജൻ്റെ ഭാര്യ പി.കെ.ഇന്ദിരയുടെ മാനനഷ്ടക്കേസിൽ

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര നല്‍കിയ മാനനഷ്ടക്കേസിൽ മലയാള മനോരമക്ക് തിരിച്ചടി. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ണൂർ സബ്കോടതിയാണ് ഉത്തരവിട്ടത്.
‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് എത്തി ലോക്കര്‍ തുറന്നു’ എന്ന തലക്കെട്ടോടെ 2020 സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച വാർത്തക്കെതിരെയാണ് കേസ്. ഇ.പി ജയരാജൻ അന്ന് വ്യവസായ മന്ത്രിയായിരുന്നു. മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യു, റിപ്പോര്‍ട്ടര്‍ കെ.പി.സഫീന എന്നിവർക്കെതിരെയാണ് കേസ്. നഷ്ടപരിഹാരത്തിന് പുറമെ കോടതി ചിലവായി പതിനായിരം രൂപയും നല്‍കണമെന്നാണ് ഉത്തരവ്.
ഈ വാർത്തക്ക് തൊട്ടുതലേന്ന്, 2020 സെപ്റ്റംബർ 13ന് ‘ലൈഫ് മിഷൻ കമ്മിഷൻ കിട്ടിയത് മന്ത്രിപുത്രനും’ എന്ന തലക്കെട്ടിൽ മനോരമ നൽകിയ വാർത്തയുടെ തുടർച്ചയായാണ് ഇന്ദിര കേരളം ബാങ്കിന്റെ കണ്ണൂർ ശാഖയിൽ എത്തി ലോക്കർ ഉപയോഗിച്ചത് ഇഡി അന്വേഷിക്കുന്നു എന്ന് വാർത്ത നൽകിയത്. പേരക്കുട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ബാങ്ക് ലോക്കർ തുറന്നതെന്നും എന്നാൽ ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തുമായി ഇതിനെ ബന്ധപ്പെടുത്തി വ്യാജ വാർത്ത നൽകിയെന്നുമാണ് ഇന്ദിര പരാതിയിൽ ആരോപിച്ചത്.
കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമായിട്ടില്ല. മനോരമ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ലെന്നും പി.കെ.ഇന്ദിര മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here