അബുജ്മദ് ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; പോരാട്ടം നീണ്ടത് മണിക്കൂറുകളോളം
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അബുജ്മദ് വനമേഖലയുടെ തെക്ക് ഭാഗത്ത് ഇന്ന് പുലർചെ മൂന്ന് മണിയോടെയാണ് പോലീസുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏഴു മണിക്കൂറിലേറെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. സംസ്ഥാന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) കോണ്ടഗാവ്, ബസ്തർ, നാരായൺപൂർ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) എന്നിവര്‍ അടങ്ങുന്ന ഒരു വലിയ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിൻ്റെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി(പിഎൽജിഎ) അംഗങ്ങളാണ് മരിച്ചതെന്നാണ് നിഗമനം. പിഎൽ ജിഎയുടെ യൂണിഫോമാണ് കൊല്ലപ്പെട്ട ഏഴുപേരും ധരിച്ചിരുന്നത്.
ഈ വർഷം ‘മാഡ് ബച്ചാവോ അഭിയാൻ’ (സേവ് മാഡ് കാമ്പെയ്ൻ) എന്ന പേരിൽ അബുജ്മദിൽ നടത്തിയ വിവിധ ഓപ്പറേഷനുകളിൽ നൂറിലധികം മാവോയിസ്റ്റുകൾ കൊല്ലപെട്ടിരുന്നു .ഇക്കഴിഞ്ഞ ഒക്ടോബറിൽ തെക്കൻ അബുജ്മദിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെയും സുരക്ഷാ സേന വധിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here