വിമാനത്താവളത്തില്‍ നിന്നും അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ ഇന്ന് ചോദ്യം ചെയ്യും; ഹാസന്‍ എംപി തിരിച്ചെത്തിയത് 34 ദിവസത്തെ ഒളിവാസത്തിന് ശേഷം; കര്‍ണാടകയില്‍ ജനരോഷം ശക്തം
ബെംഗളൂരു: ലൈംഗിക പീഡന കേസുകളില്‍ കുടുങ്ങിയതിനെ ജർമനിയിലേക്കു കടന്ന ജെഡിഎസ് (എസ്) എംപി പ്രജ്വൽ രേവണ്ണയെ (33) ഇന്ന് പുലർച്ചെ വിമാനത്താവളത്തിൽനിന്നു കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ ലുഫ്താൻസ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്.
പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. എംപിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10ന് എസ്ഐടിക്കു മുന്നിൽ ഹാജരാകുമെന്ന പ്രജ്വലിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ജനപ്രതിനിധികളുടെ പ്രത്യേക കോടതി എംപിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടകയുടെ ആവശ്യത്തെ തുടർന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ജൂൺ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്. ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ.
60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. സംഭവം വിവാദമായതോടെ കേസ് അന്വേഷിക്കാന്‍ കര്‍ണാടക പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. പീഡനത്തിനിരയായവർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ ഇന്നലെ ഹാസൻ കലക്ടറേറ്റിനു മുന്നിലേക്ക് മാർച്ച് നടത്തിയിരുന്നു. കര്‍ണാടകയില്‍ ജനരോഷം ശക്തമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here