ബ്രിജ് ഭൂഷണ്‍ സിങ്ങിന് വന്‍തിരിച്ചടി; ലൈംഗികാതിക്രമ കേസുകള്‍ നിലനില്‍ക്കുമെന്ന് കോടതി

ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് കോടതിയില്‍നിന്ന് തിരിച്ചടി. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന എഫ്‌ഐആറും കുറ്റപത്രവും ഉള്‍പ്പെടെ തനിക്കെതിരായ എല്ലാ ക്രിമിനല്‍ നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിജ് ഭൂഷണ്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പരാതി നല്‍കിയവരുടെ മൊഴികളില്‍ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും വ്യാജ മൊഴികളെ ശ്രദ്ധിക്കാതെയാണ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും സിങ് ഹര്‍ജിയില്‍ വാദിച്ചു. ഡല്‍ഹി വിചാരണ കോടതി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിങ്ങിന്റെ ആവശ്യം അംഗീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കുന്നതിനായി സിങ്ങിന്റെ എല്ലാ വാദങ്ങളും അടങ്ങിയ ഒരു ചെറിയ കുറിപ്പ് സമര്‍പ്പിക്കാന്‍ കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു.

സിങ്ങിനെതിരെ 2023 ജൂണില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷത്തിന് ശേഷം ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരിക്കെ വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ആറു താരങ്ങളാണു ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top