പ്രജ്വല്‍ രേവണ്ണ കേസില്‍ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പേര് പരാമര്‍ശിക്കരുത്; മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ കര്‍ശന ഉത്തരവ്
ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ പ്രതികളായ പ്രജ്വല്‍ രേവണ്ണ, അച്ഛന്‍ എച്ച്ഡി രേവണ്ണ എന്നിവരുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെയോ മകന്‍ എച്ച്ഡി കുമാരസ്വാമിയുടെയോ പേര് പരാമര്‍ശിക്കരുതെന്ന് കോടതിയുടെ ഉത്തരവ്. ബെംഗളൂരു സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
എന്ത് ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചാലും തെളിവുകള്‍ വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഗൂഗിൾ, മെറ്റ, എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് പുറമേ മറ്റ് 86 മാധ്യമസ്ഥാപനങ്ങൾക്കുമെതിരെയാണ് ഗൗഡ ഈ ഉത്തരവ് നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷം പ്രജ്വല്‍ രേവണ്ണ സമാനമായ രീതിയില്‍ ഉത്തരവ് നേടിയെടുത്തിരുന്നു. തനിക്കെതിരായ തരത്തില്‍ ലൈംഗികാതിക്രമ വീഡിയോകള്‍ പുറത്തുവന്നാല്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു ഉത്തരവ്.
അതേസമയം പ്രജ്വൽ രേവണ്ണയുടെ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകൾക്കായി കർണാടക പോലീസ് ഹെൽപ് ലൈൻ ആരംഭിച്ചു. രേവണ്ണയുടെ ചൂഷണത്തിന് ഹാസൻ ജില്ലയിലെ നിരവധി പേർ ഇരയായിട്ടുണ്ടെന്ന തിരിച്ചറിവിലാണ് കേസന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) അടിയന്തര സഹായത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരൊറ്റ ആളുടെ പീഡനത്തിന് ഇരകളായ നൂറുകണക്കിന് സ്ത്രീകൾക്ക് വേണ്ടി ഹെൽപ് ലൈൻ ആരംഭിച്ചത്.
ലൈംഗിക പീഡനത്തിനിരയായ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന്റെ പേരില്‍ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണ കഴിഞ്ഞ ദിവസം അറസ്റ്റിലായി ഇപ്പൊൾ റിമാൻഡിലുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here