ജയസൂര്യയ്ക്ക് എതിരേ വീണ്ടും കേസ്; ലൈംഗികാതിക്രമം തൊടുപുഴ ഷൂട്ടിങ് ലൊക്കേഷനിൽ
നടന്‍ ജയസൂര്യയ്‌ക്കെതിരേ വീണ്ടും ലൈംഗികപീഡന പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നല്‍കിയത്. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറി. പ്രത്യേക പോലീസ് സംഘത്തിലുള്ള ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക.
ജയസൂര്യക്ക് എതിരെയുള്ള രണ്ടാമത്തെ കേസ് ആണിത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ഇടനാഴിയില്‍ വച്ച് കടന്നുപിടിച്ചു ലൈംഗിക അതിക്രമം നടത്തിയെന്ന കേസാണ് ആദ്യത്തേത്. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവനടിയുടെ പരാതിയില്‍ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരെ കേസ്; നടപടി ശക്തം
നടിമാരുടെ ലൈംഗിക അതിക്രമപരാതിയില്‍ പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മുകേഷിന്റെ രാജി അനിവാര്യം; നിലപാട് മാറ്റി സിപിഐയും
യുവനടിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തി നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 376(1), 452, 509 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കേസ് ആണിത്. കഴിഞ്ഞ ദിവസം പ്രത്യേകാന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പടുത്തിയിരുന്നു.
യുവനടിയുടെ പരാതി; സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തു
യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെയും ബലാത്സംഗക്കുറ്റത്തിന് കേസുണ്ട്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് എടുത്തത്. ബംഗാളി നടിയുടെ പരാതിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസാണ് കേസ് എടുത്തത്.സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനവും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിരുന്നു.
കഥാകാരിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ വി.കെ. പ്രകാശിനെതിരെയും പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. കൊല്ലം പള്ളിത്തോട്ടം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here