‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ പീഡന ആരോപണത്തില്‍ പ്രതികരണവുമായി ജയസൂര്യ

നടിമാര്‍ ഉന്നയിച്ച പീഡനാരോപണങ്ങളില്‍ പ്രതികരണവുമായി നടൻ ജയസൂര്യ. ആരോപണങ്ങള്‍ തന്നെ വ്യക്തിപരമായി തകര്‍ത്തു എന്നാണ് ജയസൂര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരുമാസമായി അമേരിക്കയിലാണ്. ഇവിടെ ഉള്ളപ്പോഴാണ് ആരോപണങ്ങള്‍ വന്നത്. അത് തന്നെ തകർത്തുവെന്നും കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തിയെന്നും ജയസൂര്യ വ്യക്തമാക്കുന്നു.
“തനിക്ക് നേരെ ഉയര്‍ന്നത് വ്യാജ പീഡന ആരോപണങ്ങളാണ്. തന്നെ ചേര്‍ത്ത് നിര്‍ത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവും വേദനയുമായി. പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. ഇന്ന് എന്‍റെ ജന്മദിനമാണ്. ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ.എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥിതിയിൽ പൂർണമായും വിശ്വാസമുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം” എന്ന് പറഞ്ഞാണ് ജയസൂര്യ വിശദീകരണ കുറിപ്പ് അവസാനിപ്പിക്കുന്നത്.
രണ്ട് പീഡന ആരോപണങ്ങളിലാണ് ജയസൂര്യക്ക് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തി എന്നതാണ് ഒരു കേസ്. ഈ കേസില്‍ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. തിരുവനന്തപുരത്തെ നടിയുടെ പരാതിയില്‍ കരമന പോലീസാണ് കേസ് എടുത്തത്. തൊടുപുഴ പോലീസിനു കേസ് കൈമാറിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here