ലൈംഗിക ആരോപണത്തില്‍ വെട്ടിലായി; ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു; ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നിയെന്ന് നടന്‍

ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതോടെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ദിഖ് രാജിവച്ചു. ‘അമ്മ’ പ്രസിഡന്റായ മോഹന്‍ലാലിന് കത്തയച്ചു. ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രംഗത്തുവന്നത്. തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ പൂട്ടിയിട്ട് സിദ്ദിഖ് പീഡിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിച്ചത്.

നടിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ആരോപണങ്ങള്‍ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ഈ വിവാദം കത്തുമ്പോള്‍ തന്നെയാണ് സിദ്ദിഖിനെതിരെ പൊട്ടിത്തെറിച്ച് നടി ദൃശ്യമാധ്യമങ്ങളിലൂടെ എത്തിയത്. ഇതോടെയാണ് രഞ്ജിത്തിനൊപ്പം സിദ്ദിഖും ആരോപണ നിഴലിലായത്. വിവാദത്തില്‍ സിദ്ദിഖിന്റെ പ്രതികരണം വന്നിട്ടുണ്ട്. “ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ട് രാജിവച്ചത്.” എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്.

നടി പറഞ്ഞത് ഇങ്ങനെ: “ചെറുപ്രായത്തിലാണ് ദുരനുഭവം ഉണ്ടായത്. നടിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി സിദ്ദിഖ് തന്നെ ബന്ധപ്പെട്ടു. ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം മസ്ക്കറ്റ് ഹോട്ടലിലേക്ക് വിളിപ്പിച്ചു. സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാനുണ്ട് എന്നാണ് പറഞ്ഞത്. അവിടെ എത്തിയ എന്നെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഒരു വിധത്തിലാണ് രക്ഷപ്പെട്ടത്. സിദ്ദിഖ് കാരണം എനിക്ക് സ്വപ്‌നങ്ങള്‍ നഷ്ടമായി. മാനസികാരോഗ്യവും തകര്‍ന്നു. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്നും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 2019-ല്‍ തന്നെ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതോടെ സിനിമയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തപ്പെട്ടു.” – നടി പറഞ്ഞു.

ലൈംഗിക ആരോപണത്തിന്റെ പാശ്ചാത്തലത്തില്‍ രഞ്ജിത്തിനും സിദ്ദിഖിനും എതിരെ പോലീസ് കേസെടുത്തേക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രഞ്ജിത്ത് രാജി വച്ചേക്കും എന്നാണ് സൂചന. രാജിക്ക് സമ്മര്‍ദ്ദം ശക്തമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ ആരോപണം വന്നപ്പോള്‍ രഞ്ജിത്തിനെ അനുകൂലിച്ച് സംസാരിച്ച മന്ത്രി സജിചെറിയാന്‍ നിലപാട് മാറ്റിയത് ശ്രദ്ധേയമായിരുന്നു. വിവാദത്തില്‍ സര്‍ക്കാര്‍ രഞ്ജിത്തിനെ കയ്യൊഴിയുകയാണ് എന്ന സന്ദേശമാണ് വന്നത്. ലൈംഗിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നാണ് അറിയാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top