സിദ്ദിഖിനെതിരെ നീക്കം ശക്തമാക്കി സര്‍ക്കാര്‍; നടന്റെ ജാമ്യഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും

ബലാത്സം​ഗ കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ നടന്‍ സിദ്ദിഖിനെതിരെയുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കി. പ്രത്യേക പോലീസ് സംഘത്തിലുള്ള മെറിൻ ഐപിഎസ് ഡല്‍ഹിയില്‍ എത്തി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയെ കണ്ടു.

സിദ്ദിഖിന്റെ ജാമ്യഹര്‍ജിയില്‍ ഐശ്വര്യ ഭാട്ടി കേരളത്തിനായി ഹാജരാകും. അന്വേഷണ വിവരങ്ങള്‍ ഐശ്വര്യ ഭാട്ടിക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടുകളാണ് ചര്‍ച്ചയായത്. നടൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹർജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ സിദ്ദിഖ് വാദിക്കുന്നു. ഇതിനിടെ ജാമ്യാപേക്ഷയ്ക്ക് എതിരെ ഒരു തടസ്സ ഹർജി കൂടി കോടതിയില്‍ എത്തിയിട്ടുണ്ട്. പൊതു പ്രവർത്തകനായ നവാസാണ് ഹര്‍ജി നല്‍കിയത്. ബലാത്സം​ഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയതോടെ സിദ്ദിഖ് ഒളിവിലാണ്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

2016ല്‍ നടന്ന സംഭവത്തില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വന്നതോടെയാണ് നടി പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. തെളിവുകള്‍ സിദ്ദിഖിന് എതിരായിരുന്നു. ഇതോടെയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പീഡനകേസില്‍ നടനും എംഎല്‍എയുമായ മുകേഷിനും ഇടവേള ബാബുവിനുമെല്ലാം ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും സിദ്ദിഖിന്റെ ജാമ്യഹര്‍ജി തള്ളി. നടി പരാതി നൽകാൻ വൈകിയത് കുറ്റമായി കാണാനാവില്ലെന്നും പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇതോടെയാണ് മുന്‍‌കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top