കുസാറ്റിലെ സിൻഡിക്കേറ്റ് അംഗം വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചതായി പരാതി; അതിക്രമം സിഐടിയു നേതാവിന്റെ മകൾക്ക് നേരെ
കൊച്ചി: കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലശാലയില്‍ (കുസാറ്റ്) നടക്കുന്ന സർഗം കലോത്സവത്തിനിടയിൽ സംഘാടക സമിതിയിലെ അംഗമായ പെൺകുട്ടിയെ സിൻഡിക്കേറ്റ് അംഗം കടന്നുപിടിച്ചതായി പരാതി. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്കാണ് വിദ്യാര്‍ത്ഥിനി പരാതി നൽകിയത്. സിഐടിയു നേതാവിന്റെ മകളാണ് പരാതികാരി. സിപിഎം നേതാവും സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥനുമാണ് ആരോപണവിധേയന്‍. ഇയാള്‍ക്കെതിരെ മുൻപും സമാനമായ പരാതി ഉയർന്നിട്ടുണ്ടെന്നാണ് വിവരം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് നിലവിളക്ക് എടുക്കാനായി ഗ്രീൻ റൂമിലെത്തിയ പെൺകുട്ടിയെ കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സിപിഎം സർവീസ് സംഘടനാ പ്രവർത്തകനുമായ ഉദ്യോഗസ്ഥൻ കടന്നുപിടിച്ചത്. പെൺകുട്ടി ഇയാളുടെ കരണത്തടിക്കുകയും നിലവിളിച്ച് ആളെക്കൂട്ടുകയും ചെയ്തിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്. സെക്കൻഡ് ഗ്രേഡ് ജീവനക്കാരനായിരുന്ന സിൻഡിക്കേറ്റ് അംഗത്തിന് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ കുസാറ്റിൽ നേരത്തെയും പ്രതിഷേധം ഉണ്ടായിരുന്നു. ശനിയാഴ്‌ച രാവിലെ ഏതാനും വിദ്യാർത്ഥികളും പെൺകുട്ടിയുടെ ബന്ധുക്കളും ഇയാളെ ഓഫീസിൽ കയറി മർദ്ദിച്ചിരുന്നു. സിപിഎം അനുഭാവിയായതു കൊണ്ട് പ്രശ്‌നം ഒതുക്കിത്തീർക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here