വിവാഹവാഗ്ദാനത്തിൽ പീഡനം, കുളിമുറിയിൽ ഷൂട്ടിങ്, സഹപാഠിയുടെ ചിത്രം അശ്ലീലയിടങ്ങളില്‍ പ്രചരിപ്പിക്കല്‍… വിപ്ലവ പ്രസ്ഥാനങ്ങളിലെ ക്രൈമുകള്‍ വേറെ ലെവലിലേക്ക്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള വിദ്യാര്‍ത്ഥി യുവജന സംഘടനകളാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ഇന്ന് സിപിഎമ്മിനെ നയിക്കുന്ന പ്രമുഖരെല്ലാം ഈ സംഘടകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച് വന്നനരാണ്. എന്നാല്‍ സമീപകാലത്തായി ഈ രണ്ട് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ വലുതാണ്. കാമ്പസുകളില്‍ അക്രമം നടത്തുന്ന സംഘമായി എസ്എഫ്‌ഐ മാറിയെന്നാണ് വിമര്‍ശനം. പോലീസ് ജീപ്പ് പരസ്യമായി തല്ലിതകര്‍ക്കുന്ന തലത്തിലേക്ക് ഡിവൈഎഫ്‌ഐ നേതാക്കളും മാറി കഴിഞ്ഞുവെന്ന തരത്തിൽ വന്നിട്ടുള്ള വാർത്തകൾ അവർ പോലും നിഷേധിക്കുന്നില്ല. ഇതുകൂടാതെയാണ് കുട്ടി സഖാക്കള്‍ നേരിടുന്ന ലൈംഗിക പീഡനാരോപണങ്ങള്‍. സമീപനാളുകളില്‍ കേരളം ചര്‍ച്ച ചെയ്ത ഇത്തരം ആരോപണങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ തന്നെ ഇതിന്റെ വ്യാപ്തി മനസിലാകും.
ഇന്നലെയാണ് ജൂനിയറായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചതിന് കാലടി ശ്രീശങ്കരാ സർവകലാശാലയിലെ മുൻ വിദ്യാർത്ഥി കൂടിയായ എസ്എഫ്‌ഐ നേതാവ് രോഹിത് അറസ്റ്റിലായത്. സോഷ്യല്‍മീഡിയയില്‍ നിന്ന് ചിത്രങ്ങള്‍ എടുത്താണ് അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെ ഇരുപതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇയാള്‍ പങ്കുവച്ചു എന്നാണ് വിവരം. എന്നാല്‍ പ്രതിയായ രോഹിതിനെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത പോലീസ്, സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായത് കൊണ്ടു മാത്രമാണ് ഇത്രയും വേഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് ആരോപണമുണ്ട്.
ശാസ്താംകോട്ട കോളജ് വിദ്യാര്‍ത്ഥിനിയും എസ്എഫ്‌ഐ പ്രവര്‍ത്തകയുമായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച സംഭവം പുറത്തുവന്നത് ഫെബ്രുവരിയിലാണ്. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിശാഖാണ് അറസ്റ്റിലായത്. 9 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയുണ്ട്. ‘അധികം കളിച്ചാല്‍ നീ തന്തയില്ലാത്ത കുട്ടിയെ പ്രസവിക്കുമെന്ന്’ എഐഎസ്എഫ് വനിതാ നേതാവിനോട് ആക്രോശിച്ചുകൊണ്ട് അടിവയറിന് ചവിട്ടാനോങ്ങിയത് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയാണ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചും വസ്ത്രങ്ങളില്‍ കയറിപ്പിടിച്ചും ആ പെണ്‍കുട്ടിയെ ആക്രമിച്ചു എന്നാണ് ആരോപണം.
ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രതിസ്ഥാനത്തു വന്ന ലൈംഗിക അതിക്രമ കേസുകളും നിരവധിയാണ്. തൃശൂര്‍ ജില്ലാ സെക്രട്ടറിയും ചാനല്‍ ചര്‍ച്ചകളിലെ സിപിഎം മുഖവുമായിരുന്ന എന്‍വി വൈശാഖനെതിരെ പീഡന പരാതി നല്‍കി സഹപ്രവര്‍ത്തകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പരാതി പോലീസ് വരെയെത്തിയില്ല. പകരം സിപിഎമ്മിനുള്ളില്‍ അന്വേഷണം നടത്തി വൈശാഖനെ പാര്‍ട്ടിയില്‍ നിന്നും അവധിയെടുപ്പിച്ചു. പിന്നാലെ പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഒരു പീഡന പരാതിയാണ് സിപിഎം ഇക്കാലത്തും ഇങ്ങനെ കൈകാര്യം ചെയ്ത് അവസാനിപ്പിക്കുന്നത് എന്നതാണ് ഏറ്റവും ഗൌരവമുള്ള കാര്യം.
ഡിവൈഎഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ നല്‍കിയ ലൈംഗിക ചൂഷണ പരാതി പൊലീസ് അട്ടിമറിക്കുന്നു എന്ന ഇരയുടെ പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. കായംകുളം ഡിവൈഎഫ്ഐ മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ പ്രേംജിത്തിനെതിരെയാണ് യുവതി പരാതി നല്‍കിയത്. പ്രതിയുടെ അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഒരന്വേഷണവും പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പ്രതി ഇപ്പോഴും നാട്ടില്‍ വിലസുകയാണ്.
ആലപ്പുഴയില്‍ സഹപ്രവര്‍ത്തകരായ യുവതികളുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചത് എ.പി.സോണയെന്ന നേതാവായിരുന്നു. ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിനിടെ തെറിച്ചുപോയ മൊബൈല്‍ ഫോണ്‍ പരിശോധിപ്പോഴാണ് മറ്റു വീഡിയോകള്‍ കണ്ടെത്തിയത്. ആലപ്പുഴയിലും അമ്പലപ്പുഴയിലുമുള്ള 34 സ്ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നു എന്നാണ് ആരോപണം. ഈ സംഭവത്തിലും പോലീസില്‍ പരാതിയുണ്ടായില്ല. പാര്‍ട്ടി കമ്മീഷന്‍ തന്നെ പരിശോധിച്ച് തീര്‍പ്പാക്കി.
പത്തനംതിട്ടയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളാണ്. 20 പേരാണ് പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയത്. ഇതിന് നേതൃത്വം നല്‍കിയത് ആഷിഖ് ആസാദ് എന്ന ഡിവൈഎഫ്ഐ നേതാവാണ്. പത്തനാപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിലെ വനിതാ നേതാക്കളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായാണ് പരാതി ഉയര്‍ന്നത്. പത്താം ക്ലാസുകാരിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് തിരുവനന്തപുരത്തെ ഡിവൈഎഫ് നേതാവ് ജിനേഷ് ജയനായിരുന്നു.
ഇതിലൊന്നും ഒതുങ്ങുന്നതല്ല വിപ്ലവ യുവസിംഹങ്ങളുടെ വീര കഥകള്‍. ഇവ പുറത്തു വന്നതില്‍ ചിലത് മാത്രമാണ്. പോലീസില്‍ പരാതി എത്താതിരിക്കാനും പുറംലോകം അറിയാതിരിക്കാനും സിപിഎം കാണിക്കുന്ന ജാഗ്രതയാണ് ഇത്തരം കേസുകൾ ആവർത്തിക്കുന്നതിന് കാരണമെന്ന വിലയിരുത്തൽ തള്ളിക്കളയാവുന്നതല്ല. ഇങ്ങനെയുള്ള തീർപ്പുകൾക്ക് പിന്നിൽ ഭരണസ്വാധീനം പ്രധാന ഘടകമാണെന്ന ആരോപണവും കാണാതിരിക്കാനാകില്ല. പലപ്പോഴും ഇരകള്‍ വലിയ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. പീഡന പരാതികള്‍ പാര്‍ട്ടി തന്നെ അന്വേഷിക്കുകയും വിധി കല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഭൂരിഭാഗം കേസുകളിലും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന പികെ ശശിക്കെതിരായ പീഡന പരാതി പാർട്ടി കമ്മീഷന്‍ തീർപ്പാക്കിയത് തീവ്രത കുറഞ്ഞ പീഡനം എന്ന് വിലയിരുത്തിയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here