ബിജെപിയിൽ ചേർന്ന വൈദികനെതിരെ പീഡനപരാതി; പരാതിക്കാരൻ ഇടത് അനുഭാവി ഓർത്തഡോക്സ് വൈദികൻ

പത്തനംതിട്ട: ഇക്കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ഓർത്തഡോക്സ് വൈദികനും റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറിയുമായ ഫാ. ഷൈജു കുര്യനെതിരെ സ്ത്രീ ത്വത്തെ അപമാനിച്ചതിന് പരാതി. സഭയിലെ തന്നെ വൈദികനും റാന്നി സെൻ്റ് തോമസ് കോളജ് അധ്യാപകനുമായ ഫാ.ഡോ.മാത്യൂസ് വാഴക്കുന്നമാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയത്. എസ്പി ഓഫീസിൽ നിന്ന് കോയിപ്പുറം പോലീസിന് കൈമാറിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ വി.സജീഷ് കുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഷൈജു കുര്യൻ വികാരിയായി ജോലി ചെയ്യുന്ന പള്ളിയിലെ അംഗമായ വീട്ടമ്മയെ നിരന്തരം ലൈംഗിക ഉദ്ദേശത്തോടു കൂടി വാട്ട്സ്ആപിൽ വിളിച്ച് ശല്യപ്പെടുത്തുന്നു എന്നാണ് പരാതിയുടെ ഉള്ളടക്കം. വൈദികൻ്റെ ഉടമസ്ഥതയിൽ കോഴഞ്ചേരിയിലുള്ള വീട്ടിലേക്ക് ചെല്ലാൻ നിർബന്ധിക്കുന്നത് പതിവാണ്. മൂന്നാർ, പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചെല്ലാനും, അവിടെ ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞും വീട്ടമ്മയെ പ്രലോഭിപ്പിക്കുന്നു. കുടുംബിനിയായ വീട്ടമ്മയോട് ഷൈജു കുര്യൻ നടത്തുന്ന അനീതിക്കെതിരെ നടപടി ഉണ്ടാവണമെന്നാണ് മാത്യൂസ് വാഴക്കുന്നം പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു വൈദികനെന്ന നിലയിൽ പുലർത്തേണ്ട മാന്യതയും, വിശുദ്ധിയും, ധാർമ്മികതയും മറന്നുകൊണ്ടുള്ള പ്രവർത്തികൾ പൊതുസമൂഹത്തിന് തന്നെ അപമാനമായത് കൊണ്ടാണ് താൻ പോലീസിൽ പരാതി നല്കിയതെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യ പ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ ഇന്ന് റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. വൈദികർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറയുന്നു. പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റിവെച്ച് ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപൊലീത്ത മുങ്ങിയെന്നാണ് ആക്ഷേപം.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നത്. ബിജെപി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് സംഗമത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനാണ് അംഗത്വം നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top