പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതില്‍ വീഴ്ച സമ്മതിച്ച് കെസിഎ; കോച്ചിനെ സംരക്ഷിച്ചിട്ടില്ലെന്ന് ജയേഷ് ജോര്‍ജ്

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇരകള്‍ക്ക് ഒപ്പമാണ് അസോസിയേഷൻ എന്നും കെസിഎ കോച്ച് മനുവിനെ സംരക്ഷിച്ചിട്ടില്ലെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
“കെസിഎയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ല. മനുവിന്റെ കോച്ചിങ് സർട്ടിഫിക്കേഷൻ റദ്ദാക്കും. ഇയാൾ പെൺകുട്ടികളുടെ മാത്രം കോച്ച് ആയിരുന്നില്ല. പുതിയ പരിശീലകർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. മനുവിനെതിരെ പരാതിവന്നപ്പോൾ അന്വേഷണത്തോട് പൂർണമായും സഹകരിച്ചു. ഇരകളോ കുടുംബാംഗങ്ങളോ കെസിഎയ്‌ക്കെതിരെ പരാതി പറയുന്നില്ല. കെസിഎയെ പ്രതിക്കൂട്ടിലാക്കുന്നത് പല കാലങ്ങളിൽ അസോസിയേഷനില്‍ നിന്നും മാറ്റിനിർത്തപ്പെട്ടവരാണ്. കോച്ചുകൾ തമ്മിലുള്ള പ്രശ്‌നമുള്ളവരുമുണ്ട്. ഇവരാണ് ചാനലുകളിൽ കെസിഎ പ്രതിയെ സംരക്ഷിക്കുന്നു എന്ന് പറയുന്നത്.”
“2022ൽ അസോസിയേഷൻ സെക്രട്ടറിയുടെ മുമ്പിലൊരു പരാതി വരുമ്പോഴാണ് പ്രശ്നം അറിയുന്നത്. അന്ന് അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നു. മനുവിനെ പറ്റി ഇങ്ങനെയൊരു അഭിപ്രായമില്ലെന്ന് അന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. സെലക്ഷനുമായി ബന്ധപ്പെട്ട് മനുവിനോടുള്ള വിരോധം തീർക്കാനാണ് പരാതി നൽകിയത് എന്നായിരുന്നു അവര്‍ പറഞ്ഞത്. മനു പരിശീലിപ്പിച്ച കുട്ടികൾക്ക് കെസിഎ ബാലാവകാശ കമ്മിഷനിൽ കൗൺസിലിങ് നൽകും. പരിശീലനം കര്‍ശനമായി നിരീക്ഷിക്കും.” – ജയേഷ് ജോർജ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here