ക്രിക്കറ്റ് കോച്ച് എം.മനു ‘കേരള ബ്രിജ് ഭൂഷൺ’; പരാതികൾ അതിലും ഭീകരം; പോക്സോ കേസ് ഊരിയത് ഇരയെ സ്വാധീനിച്ച്; നഗ്നഫോട്ടോ, കൂടാതെ പണപ്പിരിവും

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉയര്‍ന്ന പീഡന പരാതികൾ രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഒന്നും രണ്ടുമല്ല ഒട്ടേറെ വനിതാ താരങ്ങളാണ്, ഉത്തർ പ്രദേശിലെ ബിജെപി നേതാവും എംപിയുമായിരുന്ന ഭൂഷണിനെതിരെ രംഗത്തെത്തിയത്. ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ പ്രശസ്ത താരങ്ങൾ ഉയര്‍ത്തിയ പ്രതിഷേധം സൂനാമി പോലെയാണ് കേന്ദ്ര സർക്കാരിനെതിരായ വികാരമായി മാറിയത്. എന്നാൽ ഇതിനെക്കാളെല്ലാം ഭീകരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് എം.മനു പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മേൽ നടത്തിയ അതിക്രമങ്ങൾ. ക്രിക്കറ്റ് അസോസിയേഷൻ പോലൊരു പ്രഫഷണൽ സംവിധാനത്തിൽ വിശ്വാസമർപ്പിച്ച് പരിശീലനത്തിന് എത്തുന്ന കുട്ടികളെ അസോസിയേഷൻ പോലുമറിയാതെ പലയിടങ്ങളിൽ ടൂർണമെൻ്റുകൾക്ക് കൊണ്ടുപോകുക, ശാരീരിക ക്ഷമത പരിശോധിക്കാൻ ബിസിസിഐക്ക് അയക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളുടെ നഗ്നഫോട്ടോകൾ എടുക്കുക, പിന്നീട് അതുകാട്ടി ബ്ലാക്മെയിൽ ചെയ്ത് തുടരെ പീഡിപ്പിക്കുക എന്നിങ്ങനെ ഞെട്ടിക്കുന്ന ഒട്ടേറെ പരാതികളാണ് കുട്ടികളും മാതാപിതാക്കളും ഉയർത്തിയിരിക്കുന്നത്.

അസോസിയേഷൻ കൈ കഴുകിക്കഴിഞ്ഞു. കുട്ടികളെയും മാതാപിതാക്കളെയും സ്വാധീനിച്ചാണ് തെങ്കാശി അടക്കം സ്ഥലങ്ങളിൽ മനു ടൂർണമെൻ്റിന് കൊണ്ടുപോയത്. വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങൾ കുറവാണെന്ന് പറഞ്ഞാണ് മാതാപിതാക്കളെ സ്വാധീനിക്കുന്നത്. ഇങ്ങനെ തന്നെയാണ് കുട്ടികളുടെ നഗ്നഫോട്ടോ എടുക്കുന്നതും. ക്രിക്കറ്റിൽ നിലനിൽക്കണമെങ്കിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഓഫ് ഇന്ത്യക്ക് മുന്നിൽ ശാരീരികക്ഷമത ഉറപ്പുവരുത്തണമെന്നും അതിന് ഫോട്ടോകൾ ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ബിസിസിഐക്കോ കെസിഎക്കോ അത്തരം ഒരുവിധ പരിശോധനയും ഇല്ലെന്ന് കെസിഎ ജില്ലാ സെക്രട്ടറി രജിത് രാജേന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

രണ്ടുവർഷം മുൻപാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരാതിയിൽ കോച്ചിനെതിരെ ആദ്യ പോക്സോ കേസ് വരുന്നത്. പോലീസ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയെങ്കിലും കുട്ടി പിന്നീട് മൊഴി മാറ്റിയതിനാൽ മനു രക്ഷപെടുകയായിരുന്നു. കാരണം അറിയില്ല എന്നാണ് കെസിഎയുടെ നിലപാട്. എന്നാൽ ആ കേസിന് പിന്നാലെ അസോസിയേഷൻ മുൻകൈയ്യെടുത്ത് കുട്ടികളോട് ഓരോരുത്തരോടായി വിവരം തേടിയിരുന്നു. എന്നാലാരും നെഗറ്റീവായി ഒന്നും പറഞ്ഞില്ല. പുറത്തറിയിച്ചാൽ ക്രിക്കറ്റ് ഭാവി നശിപ്പിക്കുമെന്ന തരത്തിൽ കുട്ടികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു എന്നാണ് സൂചന. കേസിൽ പരാതിക്കാരിയായ വന്ന കുട്ടിക്കും കുടുംബത്തിനും മേലും ഇതേ മട്ടിലുള്ള ഭീഷണി ഉണ്ടായതായാണ് വിവരം.

തുടക്കത്തിൽ സ്വീകരിക്കുന്ന രജിസ്ട്രേഷൻ ഫീസല്ലാതെ ഒരു തുകയും അസോസിയേഷൻ കുട്ടികളിൽ നിന്ന് പിരിക്കുന്നില്ല. എന്നാൽ പലവിധ ഫീസിൻ്റെ പേരുപറഞ്ഞ് ഗണ്യമായ തുകകൾ പലപ്പോഴായി കോച്ച് ഇവരിൽ നിന്ന് വാങ്ങിയെടുത്തു എന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അസ്വാഭാവികത ഒന്നും തോന്നാത്തതിനാൽ ആരും പുറത്ത് പരാതിയായി ഉന്നയിച്ചിട്ടില്ലാത്ത വിഷയമായിരുന്നു ഇത്. പീഡന പരാതികൾ ഉയരാൻ തുടങ്ങിയ ശേഷമാണ് ഇതും കെസിഎയുടെ ശ്രദ്ധയിൽപെട്ടത്. പോലീസ് കേസിന് പുറമെ ഇക്കാര്യവും പരിശോധിക്കുന്നതായി കെസിഎ ഭാരവാഹികൾ ഇപ്പോൾ വിശദീകരിക്കുന്നുണ്ട്.

പരാതികളെല്ലാം മൂടിവയ്ക്കാൻ ബ്രിജ് ഭൂഷൺ താരങ്ങൾക്ക് മേൽ പ്രയോഗിച്ചിരുന്നത് സ്വാഭാവികമായും രാഷ്ട്രിയമായി അയാൾക്ക് ഉണ്ടായിരുന്ന സ്വാധീനശേഷി ആയിരുന്നു. എം.മനുവിൻ്റെ കാര്യത്തിൽ അത്തരം രാഷ്ട്രിയ പശ്ചാത്തലമൊന്നും ഉള്ളതായി ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ഇത്ര ഗുരുതരമായ പീഡനം ഇത്രയേറെ കുട്ടികളോട് ചെയ്തിട്ടും മൂടിവയ്ക്കപ്പെട്ടത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല എന്നാണ് ക്രിക്കറ്റ് അസോസിയേഷനും പറയുന്നത്. അസോസിയേഷനെ ഇരുട്ടിൽ നിർത്തിയായിരുന്നു ഈ ഇടപാടുകളെല്ലാം എന്ന നിലപാടാണ് കെസിഎ സ്വീകരിച്ചിരിക്കുന്നത്. ആറുകുട്ടികളുടെ പരാതിയിൽ ആറുകേസുകളാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി ഉന്നയിച്ചിട്ടുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും കൊടുക്കും. കൂടുതൽ കുട്ടികൾക്ക് പരാതിയുണ്ടോയെന്ന് അന്വേഷിച്ച് വേണ്ടിവന്നാൽ അവർക്കും സഹായം ഒരുക്കും എന്നാണ് കെസിഎ അറിയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top