പൂക്കോട് പോയത് സിദ്ധാർത്ഥന്റെ മരണശേഷം മാത്രം; പിതാവിൻ്റെത് വൈകാരിക പ്രതികരണം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ

പാലക്കാട് : പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണം തള്ളി സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശിന്റെ ആരോപണം വൈകാരികമായ പ്രതികരണം മാത്രമാണ്. കുറ്റകൃത്യത്തിൽ പങ്കാളികളായവരെയെല്ലാം ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് എസ്എഫ്ഐ നിലപാട്. തൻറെ അറിവോടെയാണ് സിദ്ധാർത്ഥനെതിരെ ആക്രമണം നടന്നതെന്ന് പിതാവിൻറെ പ്രസ്താവന തെറ്റാണ്. ഒരുതവണ മാത്രമാണ് പൂക്കോട് പോയിട്ടുള്ളത്. അതും സിദ്ധാർത്ഥന്റെ മരണശേഷമാണ്. ഏത് അന്വേഷണത്തെയും എസ്എഫ്ഐ സ്വാഗതം ചെയ്യുന്നതായും ആർഷോ പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആര്‍ഷോക്കെതിരെ കേസെടുക്കണമെന്നായിരുന്നു സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടത്. രാവിലെയും വൈകുന്നേരവും എട്ടുമാസക്കാലം ഉടുതുണിയില്ലാതെ സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഇതെല്ലാം നേരിൽകണ്ട് ആസ്വദിക്കുകയായിരുന്നു. അവരെയും അറസ്റ്റ് ചെയ്യണം. യൂണിയന്‍ റൂമില്‍ പോയിട്ടാണ് സിദ്ധാര്‍ത്ഥന്‍ ഒപ്പിട്ടുകൊണ്ടിരുന്നത്. ആ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും യൂണിയന്‍ റൂമില്‍ ആര്‍ഷോ വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ ആര്‍ക്ക് വിശ്വസിക്കാനാവില്ല. ആര്‍ഷോ കോളേജില്‍ വന്നുപോയോ ഇല്ലയോ എന്നത് മൊബൈല്‍ പരിശോധിച്ചാല്‍ മനസ്സിലാവും. അവസാന ദിവസം കൊലപാതകം എക്‌സിക്യൂട്ട് ചെയ്തത് ആര്‍ഷോ ആയിരിക്കുമെന്ന സംശയവും ജയപ്രകാശ് പ്രകടിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here