ഒടുവില്‍ കീഴടങ്ങി എസ്എഫ്‌ഐ നേതാവ്; സഹപാഠിയെ മര്‍ദിച്ച കേസില്‍ കീഴടങ്ങിയത് ജയ്‌സണ്‍ ജോസഫ്

പത്തനംതിട്ട : വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഈ മാസം 13ന് മുമ്പ് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി വരെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിക്കാത്തതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതിയായ ജയ്സണ്‍ ജോസഫ് സാജനെ കണ്ടെത്താനാകുന്നില്ല എന്നാണ് പോലീസ് ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകളിലടക്കം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പങ്കെടുക്കുന്നുതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

കടമനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നിള എസ്.പണിക്കരെയാണ് ക്യാംപസിനുള്ളില്‍ വച്ച് സഹപാഠിയായ ജയ്സണ്‍ തല്ലിയത്. ജയ്സനൊപ്പം ജെറോം, അതുല്‍, ആദിത്യ ശങ്കര്‍, അബ്ദുല്‍ മാലിക് എന്നിവരും ആക്രമിച്ചെന്നും മുടിക്ക് പിടിച്ച് അടിക്കുകയും,ഉടുപ്പ് വലിച്ചു കീറുകയും, സ്വാകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. മര്‍ദ്ദനത്തില്‍ യുവതിയുടെ കേള്‍വിശക്തി 65 ശതമാനവും നഷ്ടമായതായിരുന്നു. ഡിസംബര്‍ ഇരുപതിനാണ് മര്‍ദ്ദനമുണ്ടായത്. അന്ന് തന്നെ യുവതി ആറന്‍മുള പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഡിസംബര്‍ 23ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ഒപ്പം പരാതി നല്‍കിയ യുവതിക്കെതിരെ എസ്.സി, എസ്.ടി വകുപ്പ് പ്രകാരവും സ്റ്റേഷന്‍ ഉപരോധിച്ചതുമടക്കം മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.

മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ കോടതിയെ സമീപിച്ചെങ്കിലും ജയ്സണ്‍ ഒഴികെയുള്ള പ്രതികള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. സമാനമായ കേസില്‍ പ്രതിയായതിനാലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാന്നിയില്‍ യുവതിയുടെ കൈ തല്ലിയൊടിച്ച കേസിലും പ്രതിയായിരുന്നു ജയ്സണ്‍. ഹൈക്കോടതിയുടെ ഈ നിരീക്ഷണത്തില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീം കോടതിയും വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top