സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേതാവിന്റെ കള്ളവോട്ട്, ഇക്കാര്യത്തിൽ ഞങ്ങളും മോശക്കാരല്ലെന്നു കോൺഗ്രസ്

പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാക്കൾ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.എസ് അമൽ അഞ്ചുതവണ വോട്ട് ചെയ്യുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. സിപിഎം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാട്, എസ്എഫ്ഐ കൊടുമൺ ഏരിയ പ്രസിഡന്റ് കിരൺ, ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം ജോയേഷ് പോത്തൻ തുടങ്ങിയവർക്കെതിരെയും കള്ളവോട്ട് ആരോപണമുണ്ട്.

ഞായറാഴ്ച പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്. പത്തനംതിട്ട നഗരസഭാ പരിധിയിലുള്ള 22 വാർഡുകളിലുള്ള ബാങ്ക് അംഗങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം. എന്നാൽ നഗരസഭാ പരിധിക്കു പുറത്തുള്ള സിപിഎം അനുകൂലികളായ പലരും തെരഞ്ഞെടുപ്പിൽ പലതവണയായി വോട്ടു ചെയ്തു എന്നാണ് കോൺഗ്രസിന്റെ ആരോപണം. അതേസമയം, ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ബാങ്ക് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് മാത്രമാണെത്തിയതെന്നാണ് അമലിന്റെ വിശദീകരണം. സഹകരണ സംഘങ്ങൾ കള്ളവോട്ടിലൂടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും കൺമുന്നിൽ വെച്ചാണ് തിരിമറി നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം വിജയിച്ചു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കള്ളവോട്ട് ചെയ്തതായി ആരോപണം ഉയർന്നത്. ഈ വർഷം ആദ്യം നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ തിരുവല്ല ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, അടൂർ ഏറത്ത് സർവീസ് സഹകരണ ബാങ്ക്, അടൂർ അർബൻ സർവീസ് സഹകരണ ബാങ്ക് എന്നിവ സമാനമായ രീതിയിൽ ആസൂത്രിതമായി നടത്തിയ കള്ളവോട്ടിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തതാണെന്നാണ് കോൺഗ്രസ് ആരോപണം. ഈ സാധ്യത മുൻകൂട്ടി കണ്ട് രാവിലെ തന്നെ വനിതാ വോട്ടുകൾ ഉൾപ്പെടെയുള്ള പാനൽ വോട്ടുകൾ പരമാവധി ഉറപ്പാക്കിയതിനാലും കള്ളവോട്ടുകൾ ചോദ്യം ചെയ്തു തടയാനായതിനാലുമാണ് പത്തനംതിട്ടയിൽ ജയിക്കാനായതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ അഴൂർ പറഞ്ഞു.

25 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ അഞ്ചു വർഷത്തിനിടെ 932 അംഗങ്ങളാണ് പുതുതായി ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി 900 വോട്ടുകളാണ് എൽഡിഎഫ് പാനലിലെ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ഇത്തവണ അത് 1500–1600 ലേക്ക് ഉയർന്നു. അതേസമയം തെരഞ്ഞെടുപ്പിൽ പാനലിനായി ആരും കള്ളവോട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു എൽഡിഎഫ് നേതാക്കളുടെ പ്രതികരണം. അതേസമയം, സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം ഉയർന്നപ്പോൾ തങ്ങളും കള്ളവോട്ട് ചെയ്‌തുവെന്ന സൂചന നൽകുന്ന കോൺഗ്രസ് നേതാവിന്റെ പ്രസംഗം സിപിഎമ്മും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാൻ തങ്ങൾക്ക് അറിയുമെന്ന് കാണിച്ചുകൊടുത്തു എന്നാണ് നഗരസഭ കൗൺസിലർ അഡ്വ. സുരേഷ് കുമാർ വിഡിയോയിൽ പറയുന്നത്. ബാങ്ക് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലെ പ്രസംഗത്തിലാണ് കള്ളവോട്ട് ചെയ്ത കാര്യം സുരേഷ് വെളിപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top