മദ്യപിക്കുന്ന വീഡിയോ പുറത്തായി; എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് തെറിച്ചു; നാണക്കേടായി വിവാദങ്ങള്‍

ഒരുമിച്ച് മദ്യപിക്കുന്ന വീഡിയോ പുറത്തായതോടെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തെറിച്ചു. സെക്രട്ടറിയേറ്റ് അംഗത്തെയും നീക്കിയിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സ‍ഞ്ജയ് സുരേഷുമാണ് തെറിച്ചത്. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. ജില്ലാ പ്രസിഡന്റ് ചുമതല ജയകൃഷ്ണന് നൽകാൻ തീരുമാനമായി.

സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്, ഡി.കെ.മുരളി, സി. ജയൻബാബു തുടങ്ങിയവർ പങ്കെടുത്ത എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ്എഫ്ഐയുടെ കോളജ് യൂണിയൻ കമ്മിറ്റികളിൽ ഈ വീഡിയോയെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. വിവരം പുറത്തായതോടെ നേതാക്കളുടെ മദ്യപാനത്തിനെതിരെ വ്യാപക വിമർശനവും ഉയര്‍ന്നു. എസ്എഫ്ഐ നേതാക്കള്‍ മദ്യപിക്കുന്ന വീഡിയോ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ലഭിച്ചതോടെ അവരും വ്യാപകമായി പ്രചരിപ്പിച്ചു. ഇത് പാര്‍ട്ടിക്ക് ക്ഷീണമായി എന്ന് തോന്നിയതോടെയാണ് നടപടി വന്നത്.

പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ വന്നതോടെ വന്നതോടെ സംഘടനയ്ക്ക് നിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ്. സര്‍ക്കാരിനു തലവേദനയുണ്ടാക്കുന്ന എത്രയോ വിവാദങ്ങളാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ വകയായി വന്നത്. മുൻ എസ്എഫ്ഐ പ്രവർത്തകയായ കെ.വിദ്യ ഗസ്റ്റ് അധ്യാപികയാവാൻ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ചത് സിപിഎമ്മിനും സര്‍ക്കാരിനും ഒരുപോലെ നാണക്കേടുണ്ടാക്കി. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കെ.വിദ്യക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.

ബി.എയ്ക്ക് തുല്യമായ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് പിജി കോഴ്സിലേയ്ക്ക് മഹാരാജാസില്‍ പ്രവേശനം നല്കിയതും വിവാദമായി. എഴുതാത്ത പരീക്ഷയിൽ വിജയിച്ചെന്ന ആരോപണവും ഉയര്‍ന്നത് ആര്‍ഷോയ്ക്ക് നേരെയാണ്. മഹാരാജാസിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി പരീക്ഷാഫലം വന്നപ്പോൾ അതിൽ ആർഷോയും ഉൾപ്പെട്ടതായാണ് വിവാദം വന്നത്. ആ പരീക്ഷ ആര്‍ഷോ എഴുതിയിരുന്നില്ല. താൻ എഴുതാത്ത പരീക്ഷയുടെ പേരിലാണ് തിരിമറിയെന്നാണ് ആർഷോ വാദിച്ചത്. ഇത് മുഖവിലയ്ക്ക് എടുത്താണ് എസ്എഫ്ഐയെ സംരക്ഷിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവന നടത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്ഐ. നേതാവ് വിശാഖ് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയതും നാണക്കേടായി. എസ്എഫ്ഐ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മദ്യപിച്ചു നൃത്തംചെയ്ത സംഭവവും സംഘടനയ്ക്ക് ക്ഷീണമായി. ഇവരെയും സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ പിഎസ്സി പരീക്ഷാത്തട്ടിപ്പ് നടത്തിയത് മറ്റൊരു വിവാദമായി. ഇതും പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top